

ഡിസംബർ 16ന് അബുദാബിയിൽ നടക്കുന്ന ഐപിഎൽ മിനി ലേലത്തിന് 350 ക്രിക്കറ്റ് താരങ്ങളുടെ ഷോർട്ട് ലിസ്റ്റ് തയാറായി. ഇവരിൽ 77 പേരെ മാത്രമേ പത്ത് ഫ്രാഞ്ചൈസികൾക്ക് ലേലം വിളിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. ആകെ രജിസ്റ്റർ ചെയ്തിരുന്ന കളിക്കാരിൽ നിന്ന് 1005 പേരെ ഒഴിവാക്കിയാണ് ബിസിസിഐ ഷോർട്ട് ലിസ്റ്റ് തയാറാക്കിയത്. ഫ്രാഞ്ചൈസികൾ താത്പര്യം പ്രകടിപ്പിക്കാത്ത കളിക്കാരാണ് പുറത്തായത്.
40 കളിക്കാർ രണ്ട് കോടി ബ്രാക്കറ്റിൽ ഉൾപ്പെടുമ്പോൾ, ഇതിൽ ഇന്ത്യക്കാരായി വെങ്കടേശ് അയ്യരും രവി ബിഷ്ണോയിയും മാത്രമാണുള്ളത്. ആദ്യ പട്ടികയിൽ ഇല്ലാതിരുന്ന 35 പേരെ ഫ്രാഞ്ചൈസികളുടെ അഭ്യർഥന പ്രകാരം ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റൺ ഡി കോക്ക്, ജോർജ് ലിൻഡെ, ശ്രീലങ്കയുടെ ദുനിത് വെല്ലലാഗെ എന്നിവർ പുതിയതായി പട്ടികയിൽ ഉൾപ്പെട്ടവരിൽപ്പെടുന്നു.
ആകെ 350 താരങ്ങളിൽ 240 പേരും ഇന്ത്യക്കാരാണ്, 110 പേർ വിദേശികളും. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ് ഏറ്റവും കൂടുതൽ പണം ലേലത്തിൽ ചെലവാക്കാൻ സാധിക്കുക- 64.30 കോടി രൂപ. 13 പുതിയ കളിക്കാരെ അവർക്ക് ഉൾപ്പെടുത്താം.