മസ്‌കത്ത്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒമാൻ ഇന്ന് ഫലസ്തീനെ നേരിടും. ജോർദാനിലെ അമ്മാനിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ ജോർദാനോട് തോറ്റതോടെ ഗ്രൂപ്പിൽ നിന്ന് നേരിട്ട് ലോകകപ്പ് യോഗ്യത നേടാമെന്നുള്ള ഒമാന്റെ സ്വപ്നം അവസാനിച്ചിരുന്നു. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള ജോർദാൻ ലോകകപ്പ് യോഗ്യത നേടി.
സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന മത്സരത്തിൽ ജോർദാൻ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഒമാനെ പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള ജോർദാൻ ലോകകപ്പ് യോഗ്യത നേടി. ജോർദാന്റെ ആദ്യത്തെ ലോകകപ്പ് പ്രവേശനമാണിത്.
നേരത്തെ ദക്ഷിണ കൊറിയ സ്ഥാനം ഉറപ്പിച്ചിരുന്നു. 12 പോയിന്റുമായി ഇറാഖ് മൂന്നാമതും പത്ത് പോയിന്റുമായി ഒമാൻ നാലാം സ്ഥാനത്തുമാണുള്ളത്. മൂന്നും നാലും സ്ഥാനക്കാരായ ഇറാഖും ഒമാനും യോഗ്യത മത്സരങ്ങളുടെ നാലാം റൗണ്ടിൽ പ്രവേശിക്കും. ഒമാന് മുമ്പിൽ ഇനി പ്ലേഓഫ് സാധ്യതകളാണുള്ളത്.
അതേസമയം, അമ്മാനിൽ നടക്കുന്ന മത്സരത്തിൽ ഒമാനെ വീഴ്ത്തി ഗ്രൂപ്പ് ബിയിൽ നാലാമതായി എത്തണമെന്നാണ് ഫലസ്തീന്റെ ലക്ഷ്യം. അങ്ങനെയാണെങ്കിൽ പ്ലേ ഓഫിൽ കയറിക്കൂടാം. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഇറാഖിനെയും കുവൈത്തിനെയും പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഫലസ്തീൻ.