
മലപ്പുറം: ലണ്ടൻ ഒളിംപിക്സിലും ടോക്കിയോ ഒളിംപിക്സിലും മലയാളിപ്പെരുമയുടെ പാദമുദ്ര പതിപ്പിച്ച താരമാണ് കെ.ടി.ഇർഫാൻ. നടത്തത്തെ ഇന്ത്യയുടെ ഒളിംപിക് സ്വപ്നമാക്കി മാറ്റുകയെന്ന അദ്ഭുതമാണ് മലപ്പുറം ജില്ലയിലെ കീഴുപറമ്പിൽ കെ.ടി.ഇർഫാൻ സ്വന്തമാക്കിയത്.
വേഗനടത്തത്തിന്റെ ട്രാക്കിൽ 20 വർഷം പൂർത്തിയാകുമ്പോൾ പരിശീലകന്റെ റോളിലേക്ക് ചുവടു വയ്ക്കാനൊരുങ്ങുകയാണ് കെ.ടി.ഇർഫാൻ. മത്സര അത്‌ലറ്റിക്സിൽനിന്നു താൻ വിരമിക്കുകയാണെന്ന് ഒളിംപ്യൻ കെ.ടി. ഇർഫാൻ പ്രഖ്യാപിച്ചു. പരിശീലകനായി രംഗത്തുണ്ടാകുമെന്നും ഇർഫാൻ പറഞ്ഞു.
കരസേനയുടെ മദ്രാസ് റെജിമെന്റിൽ (ഊട്ടി) സുബേദാറായ കെ.ടി.ഇർഫാൻ ഇപ്പോൾ ബെംഗളൂരു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലകനാകാനുള്ള പഠനത്തിലാണ്. കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം സ്വന്തം റെജിമെന്റിൽ പരിശീലകനാകും. സർവീസിൽനിന്നു വിരമിച്ച ശേഷം നാട്ടിലെ കുട്ടികൾക്ക് പരിശീലനം നൽകാനും താൽപര്യമുണ്ടെന്ന് ഇർഫാൻ അറിയിച്ചു.