

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കെ.എൽ. രാഹുൽ ആയിരിക്കും ടീമിനെ നയിക്കുക. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവർക്ക് പരുക്കേറ്റ സാഹചര്യത്തിലാണ് രാഹുലിനെ ചുമതലയേൽപ്പിക്കുന്നത്. ഗില്ലിന്‍റെ അഭാവത്തിൽ യശസ്വി ജയ്സ്വാൾ ആയിരിക്കും രോഹിത് ശർമയുടെ ഓപ്പണിങ് പങ്കാളി. റിസർവ് ഓപ്പണറായി ഋതുരാജ് ഗെയ്ക്ക്വാദിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിരാട് കോലി ടീമിൽ സ്ഥാനം നിലനിർത്തുന്നുണ്ട്.
ശ്രേയസ് അയ്യരുടെ ഒഴിവിൽ കളിക്കാൻ തിലക് വർമ, ഋഷഭ് പന്ത്, ധ്രുവ് ജുറൽ എന്നിവരുണ്ട്. നിലവിൽ ഏകദിന ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ രാഹുൽ ആയതിനാൽ, ഋഷഭിനെ റിസർവ് ആയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു വിക്കറ്റ് കീപ്പറായ ധ്രുവ് ജുറലിനെ സ്പെഷ്യലിസ്റ്റ് ബാറ്ററായി ടീമിൽ നിലനിർത്തിയിട്ടുണ്ട്.
പരുക്കിന്‍റെ പിടിയിൽ തുടരുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ടീമിലില്ല. പകരം, നിതീഷ് കുമാർ റെഡ്ഡിക്ക് അവസരം. വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരായി ടീമിലെത്തിയപ്പോൾ അക്ഷർ പട്ടേലിന് അവസരമില്ല. മുൻനിര പേസർമാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമില്ലാതെയാണ് ഇന്ത്യ ഏകദിന പരമ്പരയ്ക്കിറങ്ങുന്നത്. അർഷ്ദീപ് സിങ് ആയിരിക്കും ടീമിലെ സീനിയർ പേസർ. കൂടെ ഹർഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും. സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവുമുണ്ട്.
ഇന്ത്യൻ ടീം:
രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, തിലക് വർമ, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, ഋതുരാജ് ഗെയ്ക്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, ധ്രുവ് ജുറെൽ.