
ദുബായ്: ട്രെയിനിങ് സെഷനില്‍ താരങ്ങളെല്ലാം പലതവണ, ദീര്‍ഘനേരം പങ്കെടുത്തപ്പോഴും, വളരെ വിരളമായി മാത്രമായിരുന്നു സഞ്ജു സാംസണിന്റെ പങ്കാളിത്തം. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിനുള്ള പ്ലേയിങ് ഇലവനില്‍ സഞ്ജു ഉള്‍പ്പെടില്ലെന്ന സൂചന ലഭിച്ചത് ഇന്ത്യയുടെ പരിശീലന സെഷനില്‍ നിന്നാണ്. ആദ്യ ദിവസം ബാറ്റിങില്‍ വളരെ ചുരുങ്ങിയ നേരം മാത്രം പരിശീലിച്ച സഞ്ജു, കീപ്പിങ് ട്രെയിനിങ് നടത്തിയില്ല. രണ്ടാം ദിവസം താരം വിക്കറ്റ് കീപ്പിങ് ട്രെയിനിങ് നടത്തിയെങ്കിലും അത് മൂന്ന് മിനിറ്റില്‍ താഴെ മാത്രമായിരുന്നു. ആദ്യ രണ്ട് ദിവസത്തെ പരിശീലന സെഷനിലും കാഴ്ചക്കാരന്റെ റോളിലായിരുന്നു സഞ്ജു.
അതേസമയം, ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മ, ദീര്‍ഘനേരം ബാറ്റിങും, വിക്കറ്റ് കീപ്പിങും പരിശീലിച്ചു. കഴിഞ്ഞ ദിവസം നടന്ന ഓപ്ഷണല്‍ ട്രെയിനിങിലും സഞ്ജു പങ്കെടുത്തില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മറ്റ് ട്രെയിനിങ് സെഷനുകളില്‍ നിന്ന് വിഭിന്നമായി ഓപ്ഷണല്‍ പരിശീലനം താരങ്ങള്‍ക്ക് നിര്‍ബന്ധമില്ല. താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം, അല്ലാത്തവര്‍ക്ക് വിട്ടുനില്‍ക്കാം.
സഞ്ജുവിനെ കൂടാതെ ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവരും ഓപ്ഷണല്‍ ട്രെയിനിങില്‍ പങ്കെടുത്തില്ല. ഓപ്ഷണല്‍ പരിശീലനത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ സഞ്ജുവിനെ പ്രേരിപ്പിച്ചത് എന്തായിരിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. 'ഏഷ്യാ കപ്പില്‍ ഒരു മത്സരത്തിലെങ്കിലും സഞ്ജുവിന് അവസരമുണ്ടാകുമോ?' എന്നാണ് ആരാധകരുടെ ചോദ്യം.