നോർവേ ചെസ് ടൂർണമെന്റിൽ മുൻ ലോകചാമ്പ്യൻ മാഗ്നസ് കാൾസണെ തോല്പിച്ച് ഇന്ത്യൻ താരവും നിലവിലെ ലോകചാമ്പ്യനുമായ ഡി. ഗുകേഷ്. ടൂർണമെന്റിന്റെ ആറാം റൗണ്ടിലാണ് ഗുകേഷ് കാൾസണെതിരെ ആധികാരിക വിജയം നേടിയത്. ആദ്യമായാണ് ക്ലാസിക്കൽ ഗെയിമിലൂടെ ഗുകേഷ് മാഗ്നസ് കാൾസണെ പരാജയപ്പെടുത്തുന്നത്.
വെളുത്ത കരുക്കളുമായി കളിച്ച ഗുകേഷ് ടൂർമെന്റിന്റെ ആറാം റൗണ്ടിൽ കാൾസണെതിരെ ആധികാരിക വിജയം നേടുകയായിരുന്നു. 34 കാരനായ നോർവീജിയൻ ഗ്രാൻഡ് മാസ്റ്റർക്ക് കളിയുടെ അവസാനത്തിൽ സംഭവിച്ച പിഴവ് മുതലെടുത്തായിരുന്നു ഗുകേഷിന്റെ വിജയം. പരാജയത്തിന് പിന്നാലെ രോഷാകുലനായ മാഗ്നസ് കാൾസൺ മേശമേൽ ഇടിച്ച് രോഷം പ്രകടിപ്പിച്ചു. തുടർന്ന് ഹസ്തദാനം നൽകി അദ്ദേഹം ഗുകേഷിനെ അഭിനന്ദിച്ചു. നോർവേ ചെസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ഇതിന്റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
ആദ്യ റൗണ്ടിൽ കാൾസണോട് ഗുകേഷ് പരാജയപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഗുകേഷിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു കാണാനായത്. നാല് മണിക്കൂറിലധികം നീണ്ട കളിയിൽ 62 നീക്കങ്ങൾക്ക് ഒടുവിലാണ് ഗുകേഷ് കാൾസണെതിരെ വിജയം ഉറപ്പിച്ചത്. അതേസമയം, തന്റെ കരിയറിൽ താനും ഒരുപാട് തവണ മേശമേൽ ഇടിച്ചിട്ടുണ്ടെന്ന് ഗുകേഷ് മത്സരശേഷം പ്രതികരിച്ചു.