ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ടെസ്റ്റിൽ ഇന്ത്യൻ താരങ്ങളുടെ ഫീൽഡിങ് പിഴവിനെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. മത്സരത്തിന്റെ രണ്ടാം ദിവസം നിർണായകമായ മൂന്നു ക്യാച്ചുകളാണ് ഇന്ത്യൻ ഫീൽഡര്‍മാര്‍ കൈവിട്ടത്. ഇതോടെയാണ് ഇന്ത്യൻ താരങ്ങളെ രൂക്ഷമായി വിമർശിച്ച് ഗാവസ്കർ രംഗത്തെത്തിയത്. ഇന്ത്യൻ ടീമിലെ മികച്ച ഫീൽഡർമാർക്ക് മെഡൽ നൽകാറുള്ള 'ഫീൽഡിങ് കോച്ച് ടി. ദിലീപ്' പുരസ്കാരത്തിന് ഇത്തവണ ആർക്കും അർഹതയില്ലെന്ന് ഗാവസ്കർ തുറന്നടിച്ചു.
യശസ്വി ജയ്സ്വാൾ മികച്ച ഫീൽഡറാണെങ്കിലും ഇത്തവണ പിഴവുകൾ സംഭവിച്ചുവെന്നും ഗാവസ്കർ കമന്ററിക്കിടെ പ്രതികരിച്ചു. ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് പ്രകടനങ്ങൾ രണ്ടാം ദിവസം വളരെ മോശമായിരുന്നു. രണ്ടു നിർണായക ക്യാച്ചുകളാണ് ജയ്സ്വാൾ ഇന്നലെ കൈവിട്ടത്. അഞ്ചാം ഓവറിൽ ബുമ്രയുടെ പന്തിൽ ബെൻ ഡക്കറ്റിനെ പുറത്താക്കാനുള്ള ക്യാച്ച് ജയ്സ്വാൾ പാഴാക്കിയിരുന്നു. 62 റൺസുമായി തിളങ്ങിയ ഡക്കറ്റിനെ ജസ്പ്രീത് ബുമ്ര പിന്നീടു പുറത്താക്കി.
പിന്നീട് ബുമ്രയുടെ പന്തിൽ ഒലി പോപ്പ് ഗള്ളിയിൽ അടിച്ചപ്പോൾ കിട്ടിയ ക്യാച്ച് അവസരവും ജയ്സ്വാൾ പാഴാക്കി. ലൈഫ് തിരിച്ചു കിട്ടിയ പോപ്പ് 131 പന്തിൽ 100 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 49 ഓവറുകൾ പിന്നിടുമ്പോൾ ആദ്യ ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ടുള്ളത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 471 റൺസടിച്ചു പുറത്തായിരുന്നു.