ഇന്ത്യൻ ഫുട്ബോളിൽ പുതുചരിത്രം; സൂപ്പർ ലീഗ് കേരളയും ജർമൻ ഫുട്ബോൾ അസോസിയേഷനും സഹകരണക്കരാറിൽ ഒപ്പുവെച്ചു | Indian football

സാങ്കേതിക സഹകരണം, കളിക്കാരുടെ കൈമാറ്റം, വിജ്ഞാനം പങ്കിടൽ എന്നിവയിലൂടെ ഫുട്ബോൾ വികസനം സാധ്യമാക്കുക എന്നതാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം.
Agreement
Published on

ഇന്ത്യൻ ഫുട്ബോളിൽ പുതിയ ചരിത്രം. സൂപ്പർ ലീഗ് കേരളയും (SLK) ജർമൻ ഫുട്ബോൾ അസോസിയേഷനും (DFB) തമ്മിൽ സഹകരണക്കരാർ ഒപ്പുവെച്ചു. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ചടങ്ങിൽ സൂപ്പർ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടർ ഫിറോസ് മീരാനും ജർമൻ ഫുട്ബോൾ അസോസിയേഷനെ പ്രതിനിധീകരിച്ച് മീഡിയ റൈറ്റ്‌സ് ഡയറക്ടർ കേ ഡാംഹോൾസും 3. ലീഗ, ഫുട്സൽ-ബുണ്ടസ്ലിഗ മേധാവി ഫിലിപ്പ് മെർഗെന്തലറും കരാറിൽ ഒപ്പുവെച്ചു.

ജർമനിയുടെ ലോകോത്തര ഫുട്ബോൾ പശ്ചാത്തല സൗകര്യങ്ങളും പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള അവരുടെ തനത് രീതികളും കേരള ഫുട്ബോളിന് വലിയ മുതൽക്കൂട്ടാകും. സാങ്കേതിക സഹകരണം, കളിക്കാരുടെ കൈമാറ്റം, വിജ്ഞാനം പങ്കിടൽ എന്നിവയിലൂടെ ഫുട്ബോൾ വികസനം സാധ്യമാക്കുക എന്നതാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം. സൂപ്പർ ലീഗ് കേരള കളിക്കാർക്ക് ജർമനിയിൽ ഉന്നത നിലവാരത്തിലുള്ള പരിശീലനം നേടാൻ ഇതുവഴി അവസരം ലഭിക്കും. കൂടാതെ, പരിചയസമ്പന്നരായ ജർമൻ ഫുട്ബോൾ പ്രഫഷണലുകൾക്കും കോച്ചുമാർക്കും സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി പ്രവർത്തിക്കാനും സംസ്ഥാനത്തെ ഫുട്‌ബോൾ പ്രതിഭകളെ വാർത്തെടുക്കുന്നതിൽ സംഭാവന നൽകുന്നതിനും കഴിയും.

മ്യൂണിക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ശത്രുഘ്‌ന സിൻഹ, എഫ്.സി. ഇൻഗോൾസ്റ്റാഡ് സിഇഒ ഡയറ്റ്മർ ബെയേഴ്‌സ്‌ഡോർഫർ, ടി.എസ്.ജി. ഹോഫൻഹൈം, ഡിഎഫ്ബി ഉപദേഷ്ടാവ് കൗശിക് മൗലിക്, ഓസ്ട്രിയയിലെ ഇന്ത്യ ഫുട്ബോൾ സെന്ററിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com