
ബെംഗളൂരു: രാജ്യം കാത്തിരുന്ന ‘നീരജ് ചോപ്ര ക്ലാസിക്’ ജാവലിൻ ത്രോ മത്സരത്തിന് ഇന്നു ബെംഗളൂരു തുടക്കമാകും. പോരാട്ടക്കളത്തിൽ നീരജിനൊപ്പം മത്സരിക്കുന്നത് മുൻ ഒളിംപിക്സ് ചാംപ്യൻ ജർമനിയുടെ തോമസ് റഹ്‌ലർ ഉൾപ്പെടെ 11 പേരാണ്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വൈകിട്ട് 7 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം കാണാം.
ലോകത്തെ മികച്ച താരങ്ങൾക്കൊപ്പം ആദ്യമായി ഇന്ത്യൻ മണ്ണിൽ മത്സരിക്കുമ്പോൾ നീരജിൽനിന്ന് ഒരു വിസ്മയ പ്രകടനത്തിനായി കാത്തിരിക്കുകയാണ് കായികലോകം. ഇന്ത്യ വേദിയൊരുക്കുന്ന ആദ്യ രാജ്യാന്തര ജാവലിൻത്രോ മത്സരം നീരജ് ചോപ്രയും ജെഎസ്ഡബ്ല്യു സ്പോർട്സും സംയുക്തമായാണു നടത്തുന്നത്.
നീരജ്, തോമസ് റഹ്‌ലർ, കെനിയയുടെ ജൂലിയസ് യെഗോ എന്നീ 3 ഒളിംപിക്സ് മെഡൽ ജേതാക്കൾ മത്സരിക്കുന്നുണ്ട്. ലോക റാങ്കിങ്ങിൽ രണ്ടാമതുള്ള ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സും ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവായ ഇന്ത്യയുടെ കിഷോർ കുമാർ ജനയും പരുക്കുമൂലം മത്സരിക്കുന്നില്ല. 299 രൂപ മുതൽ 9999 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.