
ബെംഗളൂരു: ബെംഗളൂരുവിൽ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻത്രോ മത്സരത്തിൽനിന്ന് ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് പിൻമാറി. കണങ്കാലിലെ പരുക്കാണ് പിന്മാറാൻ കാരണം. 2 തവണ ലോക ചാംപ്യനായിട്ടുണ്ട് ആൻഡേഴ്സൻ. ജാവലിൻത്രോ ലോക റാങ്കിങ്ങിൽ നീരജിനു പിന്നിൽ രണ്ടാമതാണ് ആൻഡേഴ്സൻ.
ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവായ ഇന്ത്യയുടെ കിഷോർ കുമാർ ജനയ്ക്കും കാലിലെ പരുക്കിനെത്തുടർന്ന് മത്സരം നഷ്ടമാകും. ജനയ്ക്കു പകരം ഇന്ത്യൻ താരം യഷ്‌വീർ സിങ് മത്സരിക്കും.
2016 ലെ ഒളിംപിക്സ് ചാംപ്യൻ ജർമനിയുടെ തോമസ് റഹ്‍ലർ, കെനിയയുടെ ജൂലിയസ് യെഗോ എന്നിവരാണ് നീരജ് ചോപ്രയ്ക്കൊപ്പം മത്സരിക്കുന്നവരിൽ പ്രമുഖർ.