
ചെന്നൈ: ദേശീയ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് ഇന്ന് ചെന്നൈയിൽ തുടക്കം. 64–ാം ദേശീയ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് തുടക്കമാകുമ്പോൾ അതിൽ പങ്കെടുക്കുന്ന താരങ്ങളുടെ ലക്ഷ്യം അടുത്ത മാസം ടോക്കിയോയിൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പായിരിക്കും.
ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള യോഗ്യത നേടാനുള്ള കാലാവധി 24 ന് അവസാനിക്കാനിരിക്കെ ഇന്ത്യൻ താരങ്ങൾക്കു ലഭിക്കുന്ന അവസാന അവസരം കൂടിയാണ് ഇന്റർ സ്റ്റേറ്റ് സീനിയർ നാഷനൽ ചാംപ്യൻഷിപ്. 45 ഇനങ്ങളിലായി അറുനൂറോളം താരങ്ങളാണ് 5 ദിവസത്തെ മേളയിൽ പങ്കെടുക്കുന്നത്. കേരളത്തിനായി 46 അംഗ ടീം മത്സരിക്കും.
ചെന്നൈയിൽ നിന്ന് ടോക്കിയോ ടിക്കറ്റ് നേടാനുള്ള സാധ്യതാ ലിസ്റ്റിൽ 3 മലയാളി താരങ്ങൾ ഉണ്ട്. ലോങ്ജംപ് താരം എം.ശ്രീശങ്കർ, 800 മീറ്ററിൽ മുഹമ്മദ് അഫ്സൽ, ട്രിപ്പിൾ ജംപിൽ അബ്ദുല്ല അബൂബക്കർ എന്നിവരാണത്. കഴിഞ്ഞയാഴ്ച ഭുവനേശ്വരിൽ നടന്ന കോണ്ടിനന്റൽ ടൂർ അത്‌ലറ്റിക്സിൽ മൂവരും സ്വർണം നേടിയിരുന്നു. പരുക്കിനും ശസ്ത്രക്രിയയ്ക്കും ശേഷമുള്ള മടങ്ങി വരവിൽ 3 രാജ്യാന്തര മത്സരങ്ങളിൽ സ്വർണം നേടിയ ശ്രീശങ്കർ മികച്ച ഫോമിലാണ്. റാങ്കിങ് പോയിന്റ് പ്രകാരം അബ്ദുല്ല അബൂബക്കർ ടോക്കിയോ ടിക്കറ്റ് ഏറക്കുറെ ഉറപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ മെഡൽ പ്രതീക്ഷയായ സാന്ദ്ര ബാബു ഇന്നു ട്രിപ്പിൾ ജംപിൽ മത്സരത്തിനിറങ്ങും. ജാവലിൻതാരം നീരജ് ചോപ്രയും സ്റ്റീപ്പിൾ ചേസ് താരം അവിനാഷ് സാബ്‌ലെയും മത്സരത്തിൽ നിന്ന് പിന്മാറി.
ഇന്ന് ആകെ 4 ഫൈനലുകളാണ് നടക്കുക. പുരുഷ വിഭാഗം 10000 മീറ്റർ, വനിതാ വിഭാഗം 5000 മീറ്റർ, ഇരുവിഭാഗങ്ങളുടെയും 100 മീറ്റർ ഓട്ടമത്സരങ്ങൾക്ക് ഇന്ന് ട്രാക്ക് വേദിയാകും. 18 താരങ്ങൾ റജിസ്റ്റർ ചെയ്യാത്തതിനാൽ ട്രിപ്പിൾ ജംപ് യോഗ്യതാ മത്സരം ഒഴിവാക്കി ഫൈനൽ ഇന്നു നടത്തും.