
ന്യൂഡൽഹി: ദേശീയ ബോക്സിങ് ഫെഡറേഷന്റെ (ബിഎഫ്ഐ) ഭരണസമിതി തിരഞ്ഞെടുപ്പ് അനിശ്ചിതമായി തുടരുന്നതിൽ ഇടപെട്ട് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ). ഫെഡറേഷനിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ച് തിരഞ്ഞെടുപ്പ് നടത്താൻ ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ മൂന്നംഗ സമിതിയെ നിയമിച്ചു.
ഐഒഎ ട്രഷറർ സഹദേവ് യാദവ്, എക്സിക്യുട്ടീവ് കൗൺസിൽ അംഗം ഭുപേന്ദർ സിങ്, അഭിഭാഷകൻ പായൽ കഖ്റോ എന്നിവരാണ് സമിതി അംഗങ്ങൾ. ഫെബ്രുവരിയിലാണ് ദേശീയ ബോക്സിങ് ഫെഡറേഷൻ ഭരണസമിതിയുടെ കാലാവധി അവസാനിച്ചത്. തുടർന്ന് തിരഞ്ഞെടുപ്പ് നടത്താൻ ലോക ബോക്സിങ് ഫെഡറേഷൻ ഇടക്കാല സമിതിയെ നിയമിച്ചിരുന്നു. മാർച്ച് 28ന് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നെങ്കിലും അനിശ്ചിതമായി നീണ്ടു. ഓഗസ്റ്റ് 31നകം തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് ഇടക്കാല സമിതിയുടെ നിലപാട്.