
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി, ക്രിക്കറ്റ് ഫീൽഡിലെ തന്റെ വിളിപ്പേരായ ‘ക്യാപ്റ്റൻ കൂൾ’ ട്രേഡ്മാർക്ക് ആക്കാൻ അപേക്ഷ നൽകി. ട്രേഡ്മാർക്ക് റജിസ്ട്രി പോർട്ടലിലെ വിവരം അനുസരിച്ച് ജൂൺ 5നാണ് ധോണി അപേക്ഷ നൽകിയത്. സ്പോർട്സ് പരിശീലനം, അനുബന്ധ സേവനങ്ങൾ എന്നീ വിഭാഗത്തിലാണു ‘ക്യാപ്റ്റൻ കൂൾ’ ട്രേഡ്മാർക്ക് ഉപയോഗിക്കാൻ അപേക്ഷ നൽകിയിരിക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് ധോണി പ്രതികരിച്ചിട്ടില്ല.
അതേസമയം, പ്രഭ സ്കിൽ സ്പോർട്സ് എന്നൊരു കമ്പനി മുൻപ് ക്യാപ്റ്റൻ കൂൾ ട്രേഡ്മാർക്ക് ആക്കാൻ അപേക്ഷ നൽകിയെങ്കിലും പിന്നീടു തിരുത്തൽ നൽകി. ഏതു സമ്മർദ സാഹചര്യത്തിലും ഗ്രൗണ്ടിൽ കൂളായി നിൽക്കുന്ന ധോണിയെ വർഷങ്ങളായി ആരാധകർ വിളിക്കുന്ന പേരാണ് ‘ക്യാപ്റ്റൻ കൂൾ’. താരങ്ങളോട് ദേഷ്യപ്പെടാതെ കൃത്യമായി തന്ത്രങ്ങൾ മെനയുന്ന ധോണി, ഇന്ത്യൻ ടീമിലും ചെന്നൈ സൂപ്പർ കിങ്സിലും ആരാധകർക്കു കൗതുകക്കാഴ്ചയായി.
ധോണി ആദ്യമായി ട്രേഡ്മാർക്കിനായി അപേക്ഷിച്ചപ്പോൾ റജിസ്ട്രിയുടെ ഭാഗത്തുനിന്ന് എതിർപ്പുയർന്നതായി ധോണിയുടെ അഭിഭാഷക മാൻസി അഗർവാൾ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.