
മയക്ക് മരുന്ന് ഉപയോഗത്തിന്റെ പേരിൽ വിലക്കേർപ്പെടുത്തിയിരുന്ന ഫ്രഞ്ച് മധ്യനിരതാരം പോൾ പോഗ്ബയെ ടീമിലെത്തിച്ച് ലീഗ് വൺ വമ്പന്മാരായ എ എസ് മൊണാക്കോ. രണ്ട് വർഷത്തെ കരാറിലാണ് താരം ടീമിനൊപ്പം ചേർന്നത്. നിരോധിത ഉത്തേജക മരുന്നുപയോഗവുമായി ബന്ധപ്പെട്ട് താരത്തിന് 4 വർഷത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്ക് കോടതി 18 മാസമായി കുറച്ചതോടെയാണ് പോഗ്ബ പ്രൊഫഷനൽ ഫുടബോളിലേക്ക് മടങ്ങി എത്തുന്നത്.
2024 ഫെബ്രുവരിയിലാണ് യുവന്റസ് താരമായിരുന്ന പോഗ്ബ നാല് വർഷ വിലക്ക് നേരിട്ടത്. പിന്നാലെ നവംബറിൽ താരവുമായി നിലനിന്നിരുന്ന കരാർ യുവന്റസ് അവസാനിപ്പിച്ചു. വിലക്കിന് മേൽ പോഗ്ബ സമർപ്പിച്ച അപ്പീൽ പരിഗണിച്ച കോടതി കഴിഞ്ഞ ഒക്ടോബറിൽ താരത്തിന്റെ വിലക്ക് 18 മാസമായി കുറച്ചിരുന്നു.
2018 ലോകകപ്പ് ജേതാക്കളായ ഫ്രഞ്ച് ടീമിലെ നിർണായക സാന്നിധ്യമായ താരത്തിന് പരിക്ക് മൂലം 2022 ഖത്തർ ലോകകപ്പിൽ ടീമിലിടം കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മൊണാക്കോ പോഗ്ബക്ക് പുറമെ ബാഴ്സയുടെ സ്പാനിഷ് യുവതാരം അൻസു ഫാത്തിയെയും ടീമിലെത്തിച്ചിട്ടുണ്ട്. ഒരു വർഷത്തെ ലോണിലാണ് ഫാത്തി മൊണാക്കോയിലെത്തുന്നത്.