ദുബായ് എസിസി ഓഫീസിൽ ഇല്ല; മൊഹ്സിൻ നഖ്‍വി, ഏഷ്യാകപ്പ് ട്രോഫി എവിടെ ഒളിപ്പിച്ചു? | Asia Cup Trophy

കഴിഞ്ഞ ആഴ്ച ബിസിസിഐ പ്രതിനിധികൾ ദുബായിലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഓഫിസിലെത്തിയപ്പോൾ ട്രോഫി അവിടെയില്ലെന്ന വിവരമാണ് ലഭിച്ചത്.
Trophy
Published on

ഏഷ്യാകപ്പിൽ വിജയികളായ ഇന്ത്യയ്ക്ക് അവകാശപ്പെട്ട ട്രോഫി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആസ്ഥാനത്തുനിന്നു മാറ്റി എസിസി തലവൻ മൊഹ്സിൻ നഖ്‍വി. പാക്കിസ്ഥാൻ മന്ത്രി കൂടിയായ നഖ്‍വി ഏഷ്യാകപ്പ് ട്രോഫി അബുദബിയിലേക്ക് മാറ്റിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച ബിസിസിഐ പ്രതിനിധികൾ ദുബായിലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഓഫിസിലെത്തിയിരുന്നു. എന്നാൽ ട്രോഫി അവിടെയില്ലെന്ന വിവരമാണ് അവർക്കു ലഭിച്ചത്.

ഇന്ത്യയ്ക്കു വേണമെങ്കിൽ ഏഷ്യാകപ്പ് ട്രോഫി എസിസി ഓഫിസിൽ എത്തി വാങ്ങാമെന്ന് നഖ്‍വി നേരത്തേ പറഞ്ഞിരുന്നു. എത്രയും പെട്ടെന്ന് ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ മൊഹ്സിൻ നഖ്‌വിയ്ക്ക് കത്തയച്ചിരുന്നു. ഒരു ഇന്ത്യൻ താരത്തെ തന്റെ അടുത്തേക്ക് അയച്ചാൽ ട്രോഫി തന്നു വിടാമെന്നായിരുന്നു നഖ്‍വിയുടെ മറുപടി. ബിസിസിഐയ്ക്കു താൽപര്യമുണ്ടെങ്കിൽ ഇന്ത്യയിൽ സമ്മാനദാനച്ചടങ്ങ് സംഘടിപ്പിക്കാമെന്ന നിർദേശവും നഖ്‍വി മുന്നോട്ടുവച്ചിരുന്നു. വിഷയം അടുത്ത മാസം നടക്കുന്ന ഐസിസി യോഗത്തിൽ ഉന്നയിക്കാനാണ് ബിസിസിഐയുടെ തീരുമാനം.

ഏഷ്യാകപ്പ് വിജയികളായിട്ടും ട്രോഫി നൽകാത്തതിൽ പാക്കിസ്ഥാൻ മന്ത്രി കൂടിയായ മൊഹ്സിൻ നഖ്‍വിയ്ക്കെതിരെ ഘട്ടംഘട്ടമായുള്ള നീക്കങ്ങളാണ് ബിസിസിഐ നടത്തുന്നത്. അതിന്റെ ഭാഗമായാണ് നഖ്‍വിയ്ക്ക് കത്തയച്ചത്. സെപ്റ്റംബർ 28ന് നടന്ന ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. വിജയിച്ച് ഒരു മാസത്തോളമായിട്ടും ട്രോഫി ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല.

പാക്കിസ്ഥാൻ മന്ത്രിയിൽനിന്ന് ഇന്ത്യൻ താരങ്ങൾ ട്രോഫി സ്വീകരിക്കില്ലെന്ന് ബിസിസിഐ നേരത്തേ തീരുമാനിച്ചിരുന്നതാണ്. എന്നാൽ ഫൈനലിനു ശേഷം ട്രോഫിയുമായി വേദി വിട്ട നഖ്‍വി അത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഓഫിസിലേക്കു കൊണ്ടുപോകുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com