Mohsin Naqvi

ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന ഇന്ത്യന്‍ ടീമിന്റെ തീരുമാനം തന്നെ മുന്‍കൂട്ടി അറിയിച്ചിട്ടില്ലെന്ന് മൊഹ്സിന്‍ നഖ്‌വി | Asia Cup Trophy

ഇന്ത്യയ്ക്ക് അര്‍ഹതപ്പെട്ട ട്രോഫിയും മെഡലുകളും ആരുടെയും സ്വകാര്യ സ്വത്തല്ലാത്തതിനാല്‍ തിരികെ നല്‍കണമെന്ന് ബിസിസിഐ
Published on

ഏഷ്യാകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് ട്രോഫി കൈമാറാത്തത് സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനും, പിസിബി ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്‌വി. ടൂര്‍ണമെന്റ് ജേതാക്കളായ ഇന്ത്യ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങില്ലെന്ന് അറിയിച്ചതോടെ നഖ്‌വി ട്രോഫിയുമായി മടങ്ങിയത് വലിയ വിവാദമായിരുന്നു.

ട്രോഫി ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്നാണ് ബിസിസിഐ ആവശ്യപ്പെടുന്നത്. എസിസി വെര്‍ച്വല്‍ മീറ്റിങ്ങില്‍, ഇന്ത്യയ്ക്ക് അര്‍ഹതപ്പെട്ട ട്രോഫിയും മെഡലുകളും ആരുടെയും സ്വകാര്യ സ്വത്തല്ലാത്തതിനാല്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കണമെന്ന് രണ്ട് ബിസിസിഐ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും നഖ്‌വി ഇത് ചെവിക്കൊണ്ടില്ല. ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന ഇന്ത്യന്‍ ടീമിന്റെ തീരുമാനം തന്നെ മുന്‍കൂട്ടി അറിയിച്ചിട്ടില്ലെന്നാണ് നഖ്‌വി പറയുന്നത്.

മത്സരശേഷം സൂര്യകുമാര്‍ യാദവിനും സംഘത്തിനും മെഡലുകളും ട്രോഫിയും കൈമാറാന്‍ എസിസി ചെയര്‍മാന്‍ വേദിയില്‍ എത്തിയിരുന്നു. വേദിയില്‍ ഇന്ത്യന്‍ ടീം വരാന്‍ കാത്തുനിന്നപ്പോള്‍ തന്നെ കാര്‍ട്ടൂണ്‍ ആക്കി മാറ്റിയപോലെ തോന്നിയെന്ന് നഖ്‌വി പറഞ്ഞു.

ബിസിസിഐയുടെ ദുബൈ ഓഫീസില്‍ ട്രോഫി സൂക്ഷിക്കണമെന്നും അവിടെ നിന്ന് ഇന്ത്യന്‍ ടീമിന് അയയ്ക്കണമെന്നും ബിസിസിഐ വൈസ്പ്രസിഡന്റ് രാജീവ് ശുക്ലയും ട്രഷറര്‍ ആശിഷ് ഷേലറും നഖ്‌വിയോട് ആവശ്യപ്പെട്ടു. നിയമപരമായ വിജയികളായ ഞങ്ങള്‍ക്ക് ട്രോഫി വേണം, ഇന്ത്യ ട്രോഫി വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ബിസിസിഐ പറഞ്ഞു.

എന്നാല്‍ ഇത് എസിസി വൈസ്പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള യോഗമാണെന്നും ഏഷ്യകപ്പ് വിവാദം പിന്നീട് ചര്‍ച്ച ചെയ്യാമെന്നുമായിരുന്നു നഖ്‌വി പറഞ്ഞത്.

Times Kerala
timeskerala.com