
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ ഹാരി ബ്രൂക്കിന്റെ ക്യാച്ച് നഷ്ടമാക്കിയതിന് ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണയോടു ക്ഷമാപണം നടത്തി മുഹമ്മദ് സിറാജ്. നാലാം ദിനം ലഞ്ചിനു പിരിയുമ്പോഴാണു പ്രസിദ്ധിനു സമീപമെത്തിയ സിറാജ് ക്ഷമാപണം നടത്തിയത്. ചിരിച്ചുകൊണ്ടാണ് പ്രസിദ്ധ് സിറാജിനെ സ്വീകരിച്ചത്. തുടർന്ന് കെട്ടിപ്പിടിച്ച ശേഷം ഇരുവരും ഡ്രസിങ് റൂമിലേക്കു മടങ്ങി.
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 35–ാം ഓവറിലായിരുന്നു ഇന്ത്യയ്ക്കു വന്‍ തിരിച്ചടിയായ സംഭവം. ഹാരി ബ്രൂക്കിന്റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്കു കുതിച്ച പന്ത് മുഹമ്മദ് സിറാജ് അനായാസമാണു കയ്യിലൊതുക്കിയത്. പക്ഷേ നിയന്ത്രണം നഷ്ടപ്പെട്ട സിറാജിന്റെ കാൽ ബൗണ്ടറി റോപിന്റെ മുകളിലായിരുന്നു. സിറാജിന്റെ പിഴവിൽ ബോളർ പ്രസിദ്ധ് കൃഷ്ണ അസ്വസ്ഥനായിയിരുന്നു.
മത്സരത്തിൽ 98 പന്തുകൾ നേരിട്ട ഹാരി ബ്രൂക്ക് 111 റൺസെടുത്താണു പുറത്തായത്. ആകാശ്ദീപ് എറിഞ്ഞ 63–ാം ഓവറിൽ സിറാജ് തന്നെ പിന്നീട് ബ്രൂക്കിനെ ക്യാച്ചെടുത്തു പുറത്താക്കി. ക്യാച്ച് വിട്ട സിറാജിനെതിരെ വന്‍ വിമർശനമാണ് ഉയരുന്നത്. ഇന്ത്യ ഉയർത്തിയ 374 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 339 റൺസെന്ന നിലയിലാണ്. വിജയത്തിലേക്കെത്താൻ ഇംഗ്ലണ്ടിന് ഇനി 35 റൺസ് മാത്രമാണ് വേണ്ടത്. തിങ്കളാഴ്ച നാലു വിക്കറ്റുകൾ കൂടി വീഴ്ത്തിയാൽ ഇന്ത്യയ്ക്ക് പരമ്പര സമനിലയാക്കാം.