

അടുത്ത ഐപിഎല്‍ സീസണില്‍ മുഹമ്മദ് ഷമി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനുവേണ്ടി കളിച്ചേക്കുമെന്ന് വിവരം. ലഖ്‌നൗ ടീം തന്നെയാണ് സൂചന പുറത്തുവിട്ടത്. കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിനെതിരെ ഷമി എറിഞ്ഞ ഡെലിവറികളുടെ ചിത്രമാണ് ലഖ്‌നൗ പങ്കുവച്ചത്. 'ഒരു കാരണവുമില്ലാതെ ഈ നിമിഷത്തെക്കുറിച്ച് ചിന്തിക്കുന്നു' എന്നായിരുന്നു ക്യാപ്ഷന്‍. ഷമി ലഖ്‌നൗ ടീമിലെത്തിയെന്ന സൂചന ബലപ്പെടുത്തുന്നതാണ് ഈ പോസ്റ്റ്.
കഴിഞ്ഞ താരലേലത്തില 10 കോടി രൂപയ്ക്കാണ് ഷമിയെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഷമിക്ക് സാധിച്ചില്ല. ഇത്തവണത്തെ ലേലത്തിന് മുമ്പ് ഷമിയെ സണ്‍റൈസേഴ്‌സ് ഒഴിവാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെ വിവിധ ഫ്രാഞ്ചെസികള്‍ ഷമിക്ക് വേണ്ടി സണ്‍റൈസേഴ്‌സിനെ സമീപിച്ചിട്ടുണ്ട്.
ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ ടീമുകളാണ് ഷമിയെ നോട്ടമിട്ടത്. ഒടുവില്‍ ലഖ്‌നൗ, താരത്തെ ടീമിലെത്തിച്ചെന്നാണ് സൂചന. ട്രേഡിങ് അല്ലെന്നും ക്യാഷ് ഡീലാണെന്നുമാണ് റിപ്പോർട്ടുകൾ.
എന്നാൽ, ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം താരം നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്താണ്. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. അടുത്ത ഐപിഎല്‍ സീസണ്‍ താരത്തിന് നിര്‍ണായകമാണ്.