

ബെഞ്ചിൽനിന്ന് കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മുഹമ്മദ് സലാ, ബ്രൈറ്റണിനെതിരെ ലിവർപൂളിന് എതിരില്ലാത്ത രണ്ടു ഗോൾ ജയം. പ്രീമിയർ ലീഗിൽ ഹ്യൂഗോ എകിറ്റിക്കെയുടെ ഇരട്ടഗോളുകളാണ് ഡിഫൻഡിങ് ചാമ്പ്യന്മാർക്ക് ജയം സമ്മാനിച്ചത്.
ഈജിപ്ഷ്യൻ സൂപ്പർതാരം കളത്തിലിറങ്ങിയതോടെ ആൻഫീൽഡിൽ ആരാധകർ ആവേശകരമായ സ്വീകരണമാണ് നൽകിയത്. 26-ാം മിനിറ്റിൽ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ സലാ, എകിറ്റിക്കെയുടെ രണ്ടാം ഗോളിന് അസിസ്റ്റ് നൽകി തന്റെ ക്ലാസ് തെളിയിച്ചു. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ എകിറ്റിക്കെ നേടിയ ഗോൾ ലിവർപൂളിനെ മുന്നിലെത്തിച്ചിരുന്നു.
ഈ ജയത്തോടെ ലിവർപൂൾ ലീഗിൽ ആറാം സ്ഥാനത്തേക്ക് ഉയർന്ന സലായും പരിശീലകൻ ആർനെ സ്ലോട്ടും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചെന്ന സൂചനയും മത്സരത്തോടെ ലഭിച്ചു.
'പരിഹരിക്കാനുള്ള യാതൊരു പ്രശ്‌നവുമില്ല' - സ്ലോട്ട് പറഞ്ഞു. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിനായി സലാ ഉടൻ ദേശീയ ടീമിനൊപ്പം ചേരും. ടൂർണമെന്റിൽ ഈജിപ്റ്റ് മുന്നേറുകയാണെങ്കിൽ താരം ഒരു മാസത്തിലധികം ലിവർപൂളിനൊപ്പം ഉണ്ടാകില്ല.