
ടോട്ടൻഹാം നായകൻ ഹ്യുങ് മിൻ സണിനെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ് ലോസ് ആഞ്ചലസ് എഫ്‌സി. 20 മില്യൺ യൂറോയാണ് ക്ലബ് സണിനായി ചിലവാക്കിയത്. 2015 മുതൽ പത്ത് വർഷക്കാലം ടോട്ടൻഹാം കുപ്പായത്തിൽ കളിച്ച താരം ക്ലബുമായി ഒരു വർഷത്തെ കരാർ ബാക്കി നിൽക്കെയാണ് ടീം വിടാൻ തീരുമാനിച്ചത്. സൺ നയിച്ച ടോട്ടൻഹാം കഴിഞ്ഞ വർഷം യൂറോപ്പ ലീഗ് ജേതാക്കളായിരുന്നു. സിയോളിൽ വെച്ച് നടന്ന ന്യൂകാസിലിനെതിരായ സൗഹൃദ മത്സരമായിരുന്നു സണിന്റെ ക്ലബ് കുപ്പായത്തിലെ അവസാന മത്സരം.
കനേഡിയൻ ക്ലബായ വാൻകൂവർ വൈറ്റ്ക്യാപ്‌സാണ് തോമസ് മുള്ളറുമായി കരാറിലെത്തിയത്. 17 വർഷക്കാലം ബയേണിനൊപ്പം കളത്തിലിറങ്ങിയ താരം ഈ സീസൺ അവസാനത്തോടെ ടീം വിടുകയായിരുന്നു.
അർജന്റീനിയൻ മധ്യ നിര താരം റോഡ്രിഗോ ഡി പോളിനെ കഴിഞ്ഞ മാസം ഇന്റർ മയാമി ടീമിലെത്തിച്ചിരുന്നു. മുള്ളറും സണിനും പുറമെ യൂറോപ്പിൽ നിന്നും കൂടുതൽ താരങ്ങളെയെത്തിക്കാനാണ് എം.എൽ.എസ് ക്ലബുകളുടെ നീക്കം.