
ന്യൂഡൽഹി ∙ മുൻ ഐപിഎൽ താരവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററുമായ മിഥുൻ മൻഹാസ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റായേക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായ ഇന്നലെ വൈകിട്ട് മിഥുൻ പത്രിക സമർപ്പിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്കു മറ്റാരും പത്രിക സമർപ്പിച്ചിട്ടില്ലാത്തതിനാൽ മിഥുൻ മൻഹാസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി താരവും ക്യാപ്റ്റനുമായിരുന്ന മിഥുൻ മൻഹാസ് (45) ദേശീയ ടീമിൽ കളിച്ചിട്ടില്ല.
സെപ്റ്റംബർ 28നു മുംബൈയിൽ നടക്കുന്ന ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിലാണ് (എജിഎം) പുതിയ പ്രസിഡന്റ് ചുമതലയേൽക്കേണ്ടത്. തിരഞ്ഞെടുപ്പ് ഒഴിവാക്കി പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ശനിയാഴ്ച ഡൽഹിയിൽ ചേർന്ന അനൗദ്യോഗിക യോഗത്തിലാണ് മിഥുൻ മൻഹാസിനെ തീരുമാനിച്ചതെന്നാണ് വിവരം. ബിസിസിഐയിലെ ഉന്നതർ ഈ ചർച്ചയിൽ പങ്കെടുത്തിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണനയിലുണ്ടായിരുന്ന ബിസിസിഐ മുൻ പ്രസിഡന്റ് സൗരവ് ഗാംഗുലി, മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് എന്നിവരെ മറികടന്നാണ് അപ്രതീക്ഷിതമായി മിഥുന്റെ പേര് നേതൃപദവിയിലേക്ക് ഉയർന്നുവന്നത്. രാജീവ് ശുക്ല ബിസിസിഐ വൈസ് പ്രസിഡന്റായും ദേവജിത് സൈകിയ സെക്രട്ടറിയായും അരുൺ ധുമാൽ ഐപിഎൽ ചെയർമാനായും തുടർന്നേക്കും.