
മുൻ ഇന്ത്യൻ താരം വിരാട് കോഹ്‍ലിയുടെ പകരക്കാരനാവാൻ ശേഷിയുള്ള താരങ്ങളെ പ്രഖ്യാപിച്ച് മൈക്കൽ വോൺ. ശുഭ്മാൻ ഗിൽ, യശ്വസി ജയ്സ്‍വാൾ, റിഷഭ് പന്ത് എന്നിവർക്ക് കോഹ്‌ലിയുടെ പകരക്കാരാവാൻ സാധിക്കുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു.
"കോഹ്‍ലിയും രോഹിത്തും ഇല്ലാത്ത സമയത്തും മികച്ച രീതിയിലാണ് ഇന്ത്യൻ ബാറ്റർമാർ കളിക്കുന്നത്. വിരാട് ഒറ്റക്ക് ടീമിനെ ചുമലിലേറ്റിയത് പോലെ ഗില്ലും ജയ്സ്വാളും പന്തും ടീമിനെ ചുമലിലേറ്റും. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളായി അവർ മാറും." മൈക്കൽ വോൺ പറഞ്ഞു.
ഐ.പി.എല്ലിന് പിന്നാലെ കോഹ്‍ലിയും രോഹിത് ശർമ്മയും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കോഹ്‍ലിയും രോഹിത്തുമില്ലാതെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കുന്നത്.
യുവനിരയുടെ കരുത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ടെസ്റ്റ് വിജയപ്രതീക്ഷകൾ തിരിച്ചുപിടിച്ചിരുന്നു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൈവിട്ടെന്ന് കരുതിയ ഇന്ത്യയുടെ ജയപ്രതീക്ഷകൾ ബൗളർമാർ തിരിച്ചുപിടിച്ചു. ഒരുവേള അഞ്ച് വിക്കറ്റിന് 84 റൺസിലേക്ക് തകർന്ന ഇംഗ്ലണ്ടിനെ തകർപ്പൻ സെഞ്ച്വറികളുമായി ജാമി സ്മിത്തും ഹാരി ബ്രൂക്കും കരകയറ്റിയെങ്കിലും ഒന്നാം ഇന്നിങ്സിൽ 180 റൺസിന്റെ നിർണായക ലീഡ് നേടി ഇന്ത്യ.