
ഫ്ലോറിഡ: മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) സൂപ്പർ താരം ലയണൽ മെസ്സിക്ക് ഇരട്ട ഗോൾ. മെസ്സി മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ നാഷ്‌വിൽ എഫ്സിയെ 2–1ന് ഇന്റർ മയാമി തോൽപിച്ചു. ലീഗിൽ തുടർച്ചയായ 5–ാം മത്സരത്തിലാണ് മുപ്പത്തിയെട്ടുകാരൻ മെസ്സി ഒന്നിലധികം ഗോളുകൾ നേടുന്നത്.
17–ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് മെസ്സി മയാമിക്കു ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതിയിൽ മയാമി ലീഡ് നിലനിർത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഹനി മുഖ്താറിലൂടെ (49–ാം മിനിറ്റ്) നാഷ്‌വിൽ സമനില പിടിച്ചു.
62–ാം മിനിറ്റിൽ നാഷ്‌വിൽ ഗോൾകീപ്പർ ജോ വില്ലിസ് വരുത്തിയ പിഴവിൽ നിന്നായിരുന്നു മെസ്സിയുടെ രണ്ടാം ഗോൾ. പന്ത് ക്ലിയർ ചെയ്യുന്നതിനായുള്ള ജോയുടെ ശ്രമം മിസ് പാസായി മെസ്സിയുടെ കാലിൽ എത്തി. പിന്നാലെ ജോയെ കബളിപ്പിച്ച് മെസ്സി പന്ത് വലയിൽ എത്തിച്ചു. ജയത്തോടെ 19 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുമായി മയാമി 5–ാം സ്ഥാനത്താണ്.