

മേജർ ലീഗ് സോക്കറിൽ നാഷ്വില്ലക്കെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടി ഇന്റർ മയാമി. മത്സരത്തിൽ 3-1 ഗോളുകൾക്കാണ് മയാമിയുടെ വിജയം. സൂപ്പർതാരം ലയണൽ മെസി ഗോളുകൾ കൊണ്ട് കളം നിറഞ്ഞപ്പോൾ ഇന്റർ മയാമി വമ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് മെസി തിളങ്ങിയത്. മത്സരത്തിന്റെ 9ാം മിനിറ്റിലാണ് മെസി ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ രണ്ടാം ഗോളും സ്വന്തമാക്കി.
ഇതോടെ ഒരു വർഷത്തിൽ എല്ലാ മത്സരങ്ങളിലും നിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന എംഎൽഎസ് താരമെന്ന നേട്ടവും മെസി സ്വന്തമാക്കി. 39 ഗോളുകളാണ് ഈ വർഷം മെസിയുടെ ബൂട്ടുകളിൽ നിന്നും പിറന്നത്. ഡെന്നിസ് ബൗംഗ, കാർലോസ് വെല എന്നിവരെയാണ് മെസി ഈ റെക്കോർഡിൽ മറികടന്നത്. ഇരുവരും ലോസ് എയ്‌ഞ്ചൽസിൽ കളിക്കുന്ന സമയത്താണ് ഈ ഗോൾ വേട്ട നടത്തിയത്. ഇരു താരങ്ങളും 38 ഗോളുകളാണ് നേടിയത്.
നാഷ്വില്ലക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ മെസി ഹാട്രിക് നേടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. മത്സരത്തിന്റെ ആദ്യപകുതിയിൽ രണ്ട് ഗോളുകൾ നേടിയ മെസി രണ്ടാം പകുതിയും വലകുലുക്കി ഹാട്രിക്ക് പൂർത്തിയാക്കുകയായിരുന്നു. ഇതോടെ എംഎൽഎസ്സിൽ 50 ഗോളുകൾ നേടാനും അർജന്റീന ഇതിഹാസത്തിന് സാധിച്ചു.
മേജർ ലീഗ് സോക്കറിൽ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ പൂർത്തിയാക്കുന്ന താരമായും മെസി മാറി. വെറും 50 മത്സരങ്ങളിൽ നിന്നുമാണ് ഇന്റർ മയാമി നായകൻ ഈ നേട്ടം സ്വന്തമാക്കിയത്. എംഎൽഎസിലെ ഇതിഹാസ താരങ്ങളായ സ്ലാട്ടൻ ഇബ്രഹാമോവിച്ച്, ജോസഫ് മാർട്ടിനസ് തുടങ്ങിയ താരങ്ങളെക്കാൾ കുറവ് മത്സരങ്ങൾ കളിച്ചുകൊണ്ടാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്.
അതേസമയം, മെസിക്ക് പുറമെ ഇന്റർ മയാമിക്കായി ടാഡിയൊ അല്ലെൻഡെയും ലക്ഷ്യം കണ്ടു. ഹാനി മുഖ്താറാണ് നാഷ്വില്ലക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു താരം നാഷ്വില്ലക്കായി ആശ്വാസ ഗോൾ നേടിയത്.