

അര്‍ജന്റീന സൂപ്പര്‍ താരം ലിയണല്‍ മെസി ഇന്ത്യയിലെത്തി. മൂന്ന് ദിവസത്തെ ഗോട്ട് ഇന്ത്യ ടൂര്‍ 2025ന്റെ ഭാഗമായാണ് മെസി കൊല്‍ക്കത്തയില്‍ എത്തിയത്. പുലര്‍ച്ചെ 2.26 ഓടെയാണ് വിമാനം കൊല്‍ക്കത്തയിലെ വിമാനത്താവളത്തില്‍ എത്തിയത്. നിരവധി ആരാധകരാണ് മെസിയെ കാണാന്‍ വിമാനത്താവളത്തിന് പുറത്ത് കാത്തിരുന്നത്. അന്താരാഷ്ട്ര ടെര്‍മിനല്‍ ഗേറ്റ് നാലില്‍ ആണ് മെസി വന്നിറങ്ങിയത്. മെസിക്കൊപ്പം അര്‍ജന്റീന താരം റോഡ്രിഗോ ഡി പോളും യുറുഗ്വേനിയന്‍ താരം ലൂയിസ് സുവാരസുമുണ്ടായിരുന്നു.
ശനിയാഴ്ച കൊല്‍ക്കത്തയിലെത്തുന്ന താരങ്ങള്‍ 70 അടി ഉയരമുള്ള മെസി പ്രതിമ അനാച്ഛാദനം ചെയ്യും. പൊലീസ് അനുമതി ലഭിക്കാത്തതിനാല്‍ ഓണ്‍ലൈനായിട്ടായിരിക്കും പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. ശേഷം സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ സിനിമാതാരങ്ങളും മറ്റ് പ്രമുഖരും ഉള്‍പ്പെടുന്ന ഗോട്ട് കപ്പില്‍ മെസി ബൂട്ട് അണിയും.
ഉച്ചയോടെ ദക്ഷിണേന്ത്യയിലെ ഏക സന്ദര്‍ശന വേദിയായ ഹൈദരാബാദിലേക്ക്. തെലങ്കാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തില്‍ മെസ്സി മുഖ്യാതിഥിയായി എത്തും. വിവിധ പാര്‍ട്ടി നേതാക്കളും താരങ്ങളും ഉള്‍പ്പെടെയുള്ളവരുടെ കൂടെ മെസ്സിയും സുവാരസും ഡി പോളും പന്ത് തട്ടും. മെസ്സിക്കൊപ്പം പന്ത് തട്ടാനായി രേവന്ത് റെഡ്ഡി ആഴ്ചകള്‍ക്ക് മുമ്പേ പരിശീനം ആരംഭിച്ചിരുന്നു.
ഞായറാഴ്ച മുംബൈയിലാണ് മെസ്സിയുടെ പരിപാടി. ക്രിക്കറ്റ്, ബോളിവുഡ് താരങ്ങള്‍, കോടീശ്വരന്മാര്‍, പ്രമുഖ മോഡലുകള്‍ തുടങ്ങിയവര്‍ ക്ഷണിതാക്കളായെത്തുന്ന ഫാഷന്‍ ഷോയില്‍ മെസ്സി ഭാഗമാകും. രാത്രിയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസ്സി കൂടിക്കാഴ്ച നടത്തും. ഒന്‍പതംഗ സെലിബ്രിറ്റി മത്സരവും രാജ്യതലസ്ഥാനത്ത് സംഘാടകര്‍ നടത്തും. മെസ്സിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കൂടിയാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.