

രഞ്ജി ട്രോഫി ക്രിക്കറ്റിലെ അപൂർവ പുറത്താകലിന് ഇരയായി മണിപ്പുർ ബാറ്റർ ലമാബാം സിങ്. മേഘാലയയ്ക്കെതിരായ മത്സരത്തിൽ ബാറ്റുകൊണ്ട് 2 തവണ പന്തിൽ തൊട്ടതിനാണ് അംപയർ ഔട്ട് വിളിച്ചത്. മേഘാലയ ബോളർ ആര്യൻ ബോറയുടെ പന്ത് ലമാബാം ഡിഫൻഡ് ചെയ്തെങ്കിലും തുടർന്ന് പന്ത് സ്റ്റംപിന് നേർക്ക് ഉരുണ്ടു നീങ്ങി. ഈ സമയം ലമാബാം ബാറ്റുകൊണ്ട് പന്തിനെ തടഞ്ഞുനിർത്തി.
ബാറ്റുകൊണ്ടോ ശരീരഭാഗം കൊണ്ടോ ഒന്നിലധികം തവണ പന്ത് ‘ഹിറ്റ്’ ചെയ്താൽ ബാറ്റർ ഔട്ടായതായി വിധിക്കണമെന്നാണ് എംസിസി നിയമം. എന്നാൽ വിക്കറ്റ് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് രണ്ടാം തവണ പന്തിൽ വീണ്ടും ‘ടച്ച്’ ചെയ്യുന്നതെങ്കിൽ ഔട്ട് അനുവദിക്കേണ്ടതില്ലെന്നും നിയമത്തിൽ പറയുന്നുണ്ട്.
ഇതോടെ, അംപയറുടെ തീരുമാനം വിവാദത്തിലായി. മുൻ ഇന്ത്യൻ താരം ആർ.അശ്വിൻ ഉൾപ്പെടെയുള്ളവർ തീരുമാനം ശരിയായില്ലെന്ന് പ്രതികരിച്ചു. എന്നാൽ അംപയർ ഔട്ട് വിളിച്ചതിനു പിന്നാലെ ലമാബാം ഗ്രൗണ്ട് വിട്ടുപോയിരുന്നു. മണിപ്പുർ ടീമിലാരും അംപയറുടെ തീരുമാനത്തെ ചാലഞ്ച് ചെയ്തതുമില്ല. രഞ്ജി ട്രോഫി ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് സമാനരീതിയിൽ ബാറ്റർ പുറത്താകുന്നത്.