

മാഞ്ചസ്റ്റർ (യുകെ): ഏറെ പ്രതീക്ഷകളോടെ ഓൾഡ് ട്രാഫോർഡിലെത്തിയ റൂബൻ അമോറിമിനെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കി. ടീമിൻ്റെ മോശം പ്രകടനത്തെത്തുടർന്ന് ആരാധകരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ക്ലബ്ബ് മാനേജ്‌മെൻ്റിൻ്റെ ഈ നിർണ്ണായക തീരുമാനം. അമോറിമിന് കീഴിൽ യുണൈറ്റഡിന് തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ സാധിക്കാത്തതാണ് നടപടിക്ക് പിന്നിലെ പ്രധാന കാരണം.
2024 നവംബറിൽ ചുമതലയേറ്റ അമോറിം, മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിജയശതമാനമുള്ള പരിശീലകരിലൊരാളായാണ് മടങ്ങുന്നത്. കഴിഞ്ഞ സീസൺ മുതൽ തന്നെ അമോറിമിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ആറുമാസം കൂടി അധിക സമയം അനുവദിച്ചിട്ടും ടീമിൻ്റെ പ്രകടനത്തിൽ മാറ്റമില്ലാത്തതിനെ തുടർന്നാണ് ഇപ്പോൾ പുറത്താക്കൽ നടപടിയുണ്ടായത്.
മുൻ താരം ഡാരൻ ഫ്ലെച്ചറിനെയാണ് പുതിയ ഇടക്കാല പരിശീലകനായി നിയമിച്ചിരിക്കുന്നത്. അക്കാദമി കോച്ചായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. ബുധനാഴ്ച ബേൺലിക്കെതിരെ നടക്കുന്ന നിർണ്ണായക മത്സരത്തിൽ ഫ്ലെച്ചർ ടീമിനെ നയിക്കും. ചാമ്പ്യൻസ് ലീഗ് യോഗ്യതയെങ്കിലും ടീമിന് നേടിക്കൊടുക്കാൻ ഫ്ലെച്ചറിന് സാധിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.