
കഴിഞ്ഞ സീസണിലെ മോശം ഫോമിലും റെക്കോർഡ് വരുമാനം കുറിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്. 666 മില്യൺ പൗണ്ടാണ് 2024 - 25 സീസണിൽ യുനൈറ്റഡ് സമ്പാദിച്ചത്. കഴിഞ്ഞ സീസണിൽ 42 പോയിന്റുമായി പതിനഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം യൂറോപ്യൻ ടൂർണമെന്റിന് യോഗ്യത പോലും നേടിയിരുന്നില്ല. 1973 - 74 സീസണിന് ശേഷമുള്ള ഏറ്റവും മോശം സീസണിലൂടെയാണ് യുനൈറ്റഡ് കടന്നു പോയത്. എങ്കിലും പുതിയ ജേഴ്സി സ്പോൺസറായ സ്നാപ്ഡ്രാഗണുമായുള്ള ഡീലിൽ നിന്നും ഏതാണ്ട് 333 മില്യൺ പൗണ്ടാണ് ക്ലബ് നേടിയത്. ഇതിന് പുറമെ ടിക്കറ്റ് വരുമാനത്തിലൂടെ 160 മില്യണും ക്ലബ് നേടി.
"ഒരു മോശം സീസണിലൂടെ കടന്നു പോയിട്ടും റെക്കോർഡ് വരുമാനം സൃഷ്ടിക്കാനായത് ഈ ക്ലബിന്റെ സവിശേഷത തന്നെയാണ്. വരും സീസണിൽ കൂടുതൽ മേഖലകളിൽ നിന്നും വരുമാനം എത്തിക്കാനുള്ള മാർഗങ്ങൾ ഞങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്." - ക്ലബ് ചീഫ് എക്സിക്യൂട്ടീവ് ഒമർ ബെറാഡ അറിയിച്ചു.
883 മില്യൺ പൗണ്ട് നേടിയ റയൽ മാഡ്രിഡാണ് വരുമാനക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മാഞ്ചസ്റ്റർ സിറ്റി (708 മില്യൺ പൗണ്ട്) രണ്ടാമതും പിഎസ്ജി (681 മില്യൺ പൗണ്ട്) മൂന്നാം സ്ഥാനത്തുമാണ്.