

ഇൻഡോർ: ഏകദിന വനിതാ ലോകകപ്പിനായി ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം. വ്യാഴാഴ്ച ഹോട്ടലിൽനിന്ന് കഫേയിലേക്കു നടന്നുപോകവേ ഇൻഡോർ നഗരത്തിൽവച്ചാണ് രണ്ട് ഓസ്ട്രേലിയൻ താരങ്ങൾക്കെതിരെ ഒരാൾ മോശമായി പെരുമാറിയത്. താരങ്ങൾ പരാതി അറിയിച്ചതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി അക്രമിയെ പിടികൂടി.
സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി ഓസ്ട്രേലിയൻ ടീമിന്റെ സെക്യൂരിറ്റി മാനേജർ ഡാനി സിമ്മൺസ് മാധ്യമങ്ങളോടു പറഞ്ഞു. ബൈക്കിലെത്തിയ അകീൽ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. ലോകകപ്പിനായി ഇൻഡോറിലെത്തിയ ഓസ്ട്രേലിയൻ ടീം നഗരത്തിലെ ആഡംബര ഹോട്ടലിലാണു താമസിക്കുന്നത്. താരങ്ങൾ ഹോട്ടലിൽനിന്നു പുറത്തിറങ്ങിയപ്പോൾ മുതൽ യുവാവ് ബൈക്കിൽ ഇവരെ പിന്തുടരുകയായിരുന്നു.
താരങ്ങളോട് മോശമായി പെരുമാറിയതോടെയാണു സുരക്ഷാ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടത്. പ്രദേശത്തെത്തിയ പൊലീസ് താരങ്ങളെ സുരക്ഷിതമായി ഹോട്ടലിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ പ്രതിയെ അറസ്റ്റു ചെയ്തു. അസിസ്റ്റന്റ് കമ്മിഷണർ ഹിമാനി മിശ്രയാണു ക്രിക്കറ്റ് താരങ്ങളുടെ മൊഴിയെടുത്തത്. ബൈക്ക് നമ്പർ ഉപയോഗിച്ചാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണു വിവരം.
ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ മത്സരമുണ്ട്. ടൂർണമെന്റിൽ ഗംഭീര പ്രകടനം തുടരുന്ന ഇരു ടീമുകളും ഇൻഡോറിലും വിജയ പ്രതീക്ഷയിലാണ് ഇറങ്ങുന്നത്. ആറു മത്സരങ്ങള്‍ വീതം കളിച്ച ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും അഞ്ചെണ്ണവും ജയിച്ചു. 11 പോയിന്റുമായി ഓസീസ് ഒന്നാമതും 10 പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും തുടരുന്നു.