
ഓസ്ട്രേലിയൻ വനിതാ എ ടീമിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ എ ടീമിന് രണ്ടു വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അലിസ ഹീലിയുടെ അർധ സെഞ്ചറിയുടെ (91) ബലത്തിൽ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് നേടി. 10 ഓവറിൽ 46 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മലയാളി താരം മിന്നു മണി ബോളിങ്ങിൽ തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ യാത്സിക ഭാട്യ (66), രാധ യാദവ് (60), തനുജ കൻവാർ (50) എന്നിവരുടെ അർധ സെഞ്ചറിക്കരുത്തിൽ 49.5 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ വനിതകൾ ലക്ഷ്യം കണ്ടു. ഇതോടെ 3 മത്സര പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. ആദ്യ മത്സരത്തിൽ മിന്നു മണി രണ്ടു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
ആദ്യ മത്സരം ഇന്ത്യ എ 3 വിക്കറ്റിന് ജയിച്ചിരുന്നു. നാളെയാണ് പരമ്പരയിലെ അവസാന മത്സരം. സ്കോർ: ഓസ്ട്രേലിയ എ 50 ഓവറിൽ 9ന് 265 (ഹീലി 91, കിം ഗാർത് 41*, മിന്നു മണി 3–46). ഇന്ത്യ എ 49.5 ഓവറിൽ 8ന് 266 (യാത്സിക 66, രാധ 60, എമി 2–55).