
ന്യൂഡൽഹി: പോർച്ചുഗലിലെ മായിയയിൽ നടക്കുന്ന അത്‌ലറ്റിക് മീറ്റിൽ സ്വർണം നേടി മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കർ. 7.75 മീറ്റർ പിന്നിട്ടാണ് താരം ഒന്നാമതെത്തിയത്. ആദ്യ ജംപിൽ 7.63 മീറ്റർ പിന്നിട്ട ശ്രീശങ്കർ, രണ്ടാമത്തെ ശ്രമത്തിലാണ് സ്വർണ്ണം നേടിയത്. പരുക്കിനുശേഷം തിരിച്ചെത്തിയ ശ്രീശങ്കറിന്റെ രണ്ടാം സ്വർണനേട്ടമാണിത്.
കഴിഞ്ഞ ഇന്ത്യൻ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ 8.05 മീറ്റർ പിന്നിട്ട ശ്രീശങ്കർ സ്വർണം നേടിയിരുന്നു. എന്നാൽ സെപ്റ്റംബറിൽ ടോക്കിയോയിൽ നടക്കുന്ന ലോക ചാംപ്യൻഷിപ്പിന് യോഗ്യത ഉറപ്പാക്കാൻ ശ്രീശങ്കറിന് ഇതുവരെ സാധിച്ചിട്ടില്ല. 8.27 മീറ്ററാണ് യോഗത്യാ ദൂരം. 8.41 മീറ്ററാണ് ശ്രീശങ്കറിന്റെ കരിയർ ബെസ്റ്റ് പ്രകടനം.