
റയൽ മഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്തിയാഗോ ബെർണബ്യൂവിൽ വീശിയടിച്ച ഒരു കൊടുങ്കാറ്റായിരുന്നു ലൂക്ക മോഡ്രിച്ച്. ആക്രോശങ്ങളും അവകാശവാദങ്ങളും വിവാദങ്ങളും ഇല്ലാതെ സ്പാനിഷ് ക്ലബ്ബിന്റെ ചരിത്രത്തിലേക്ക് ലൂക്ക നടന്നു കയറി. 13 വർഷം നീണ്ട കരിയറിനൊടുവിൽ, ക്രൊയേഷ്യക്കാരനായ താരം മുപ്പത്തിയൊൻപതാം വയസ്സിൽ ക്ലബ് വിടുമ്പോൾ റയൽ മഡ്രിഡ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ കളിക്കാരൻ എന്ന റെക്കോർഡും ലൂക്ക മോഡ്രിച്ചിന് സ്വന്തം.
597 മത്സരങ്ങളിൽ നിന്നായി 88 അസിസ്റ്റുകളും 43 ഗോളുകളും റയലിനായി ലൂക്ക നേടി. ക്ലബ് ലോകകപ്പിൽ റയൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയോട് തോൽവി വഴങ്ങിയതോടെ റയലിൽ നിന്ന് ലൂക്ക ഔദ്യോഗികമായി പടിയിറങ്ങി.