

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ശാര്‍ദ്ദൂല്‍ താക്കൂറിനെയും, മുംബൈ ഇന്ത്യന്‍സ് താരം അര്‍ജുന്‍ തെണ്ടുല്‍ക്കറിനെയും ചുറ്റിപ്പറ്റിയുള്ള ഐപിഎല്‍ ട്രേഡ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. താക്കൂറിനെ വിട്ടുകൊടുത്ത് അര്‍ജുനെ സ്വന്തമാക്കാനാണ് ലഖ്‌നൗവ് ശ്രമിക്കുന്നത്. താക്കൂറിനെ ടീമിലെത്തിക്കുകയാണ് മുംബൈയുടെ ലക്ഷ്യം
ഇതിനായി ഇരുഫ്രാഞ്ചസികളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് ട്രേഡിങ് ആണെന്ന് പറയാനാകില്ലെന്നും, ക്യാഷ് ട്രാന്‍സ്ഫര്‍ ഇടപാടാകാമെന്നും റിപ്പോർട്ടുണ്ട്. താരങ്ങളെ കൈമാറാന്‍ സാധ്യതയുണ്ടെന്ന് മുംബൈ ടീം വൃത്തങ്ങള്‍ ക്രിക്ക്ബസിനോട് പ്രതികരിച്ചു. നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക നവംബര്‍ 15നാണ് പ്രഖ്യാപിക്കേണ്ടത്. അതുകൊണ്ട് തന്നെ താക്കൂറിന്റെയും, അര്‍ജുന്റെയും ടീം മാറ്റത്തെ സംബന്ധിച്ച് രണ്ട് ദിവസത്തിനകം അറിയാനാകും.
കഴിഞ്ഞ വര്‍ഷം ജിദ്ദയില്‍ നടന്ന താരലേലത്തില്‍ താക്കൂറിനെ ആരും സ്വന്തമാക്കിയിരുന്നില്ല. എന്നാല്‍ പരിക്കേറ്റ മൊഹ്‌സിന്‍ ഖാന് പകരമായി താക്കൂറിനെ ലഖ്‌നൗ പിന്നീട് ടീമിലെത്തിക്കുകയായിരുന്നു. രണ്ട് കോടി രൂപയായിരുന്നു അടിസ്ഥാനത്തുക.
അതേസമയം, ഐപിഎല്‍ കരിയര്‍ ആരംഭിച്ചതു മുതല്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്. 20 ലക്ഷം രൂപ അടിസ്ഥാന തുകയിലാണ് മുംബൈയിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല.