ഐപിഎൽ സീസണിലെ അവസാന മത്സരത്തിൽ സെഞ്ചറി നേടി തിളങ്ങിയിട്ടും തോൽവി ഏറ്റുവാങ്ങേണ്ടിവന്ന ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്തിന് പിഴ വിധിച്ച് ബിസിസിഐ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് പന്തിന് പിഴ ചുമത്തിയത്. ഈ സീസണിൽ മുൻപും സമാനമായ കുറ്റത്തിന് പന്ത് പിഴ ഒടുക്കിയിട്ടുണ്ട്. അവസാന മത്സരത്തിലും പിഴവ് ആവർത്തിച്ചതോടെയാണ് കനത്ത പിഴയൊടുക്കേണ്ടി വന്നത്.
ഇത്തവണ പന്തിനെ കൂടാതെ ഇംപാക്ട് പ്ലെയർ ഉൾപ്പെടെ കളത്തിലിറങ്ങിയ ലക്നൗ താരങ്ങൾക്കെല്ലാം ബിസിസിഐ പിഴ ഈടാക്കിയിട്ടുണ്ട്. നായകനെന്ന നിലയിൽ പന്ത് 30 ലക്ഷം രൂപ അടയ്ക്കണം. അതേസമയം, കളിക്കാർക്ക് 12 ലക്ഷം രൂപ വീതമാണ് പിഴ. ഈ സീസണിൽ മൂന്നാം തവണയാണ് കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ ലക്നൗ സൂപ്പർ ജയന്റ്സ് പിടിക്കപ്പെടുന്നത്. ഇതോടെയാണ് ക്യാപ്റ്റന് 30 ലക്ഷം രൂപ പിഴയും എല്ലാ കളിക്കാരും പിഴയൊടുക്കേണ്ടി വരികയും ചെയ്തത്. ലക്നൗ താരങ്ങളിൽ മാച്ച് ഫീയുടെ പകുതി 12 ലക്ഷത്തേക്കാൾ കുറഞ്ഞവർ ആ തുക പിഴയായി ഒടുക്കിയാൽ മതിയെന്ന് ബിസിസിഐ വ്യക്തമാക്കി.