ലോർഡ്‌സ് ടെസ്റ്റ്: ഇംഗ്ലണ്ടിന് മുട്ടിടിക്കുന്നു; ഇന്ത്യക്ക് നല്ല തുടക്കം സമ്മാനിച്ച് സിറാജ് | Lord's Test
ലോഡ്സിൽ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ ഇംഗ്ലണ്ട് 22 ഓവർ പിന്നിടുമ്പോൾ 87 റൺസിന് നാലു വിക്കറ്റ് എന്ന നിലയിലാണ്. ഇന്ത്യക്ക് നല്ല തുടക്കം സമ്മാനിച്ച് സിറാജ്. ഓപ്പണൻ ബെൻ ഡെക്കറ്റും (12) ഒലി പോപ്പും (4) സിറാജിന്റെ ബൗളിങ്ങിൽ കുരുങ്ങി. ഓപ്പണറായ സാക്ക് ക്രോളിയും 22 റൺസെടുത്ത് നിതീഷ് കുമാർ റെഡ്ഡിയുടെ ബോളിൽ ജയ്സ്വാളിന് പിടികൊടുത്ത് കൂടാരം കയറി.
സിറാജ് 6 ഓവറിൽ പത്ത് റൺസ് വിട്ടുകൊടുത്ത് രണ്ടുവിക്കറ്റ് വീഴ്ത്തി. ആറാം ഓവറിൽ ഡക്കറ്റിനെ ബുംറയുടെ കൈകളിൽ എത്തിച്ച് സിറാജ് ആദ്യപ്രഹരമേൽപിച്ചു. 12 ഓവറിൽ ഒലി പോപ്പിനെ സിറാജ് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. ഹാരി ബ്രൂക്കിനെ (23) ആകാശ് ദീപ് ബൗൾഡാക്കുകയായിരുന്നു. ജോ റൂട്ടും (16) ബെൻ സ്റ്റോക്സുമാണ് ക്രീസിൽ.
ലോർഡ്സിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ സ്കോർ ഇന്ത്യയും 387 റൺസിന് പുറത്തായതോടെ സ്കോറുകളിൽ തുല്യത പാലിച്ചു. ഇന്ത്യൻ ഓപണർ കെ.ആർ.രാഹുലിന്റെ സെഞ്ച്വറിയുടെയും ഋഷഭ് പന്തിന്റെ 74 റൺസും രവീന്ദ്ര ജദേജയുടെ 72 റൺസുമാണ് ഇന്ത്യയുടെ സ്കോർ 387 ലേക്ക് എത്തിച്ചത്.