
ടോക്കിയോ: ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ പുരുഷ ലോങ് ജംപിൽ ഫൈനൽ യോഗ്യത ലക്ഷ്യമിട്ട് മലയാളി താരം എം. ശ്രീശങ്കർ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 4.10നാണ് യോഗ്യതാ റൗണ്ടിലെ മത്സരം. അഞ്ചു രാജ്യാന്തര മീറ്റുകളിൽ ജേതാവായി റാങ്കിങ് മെച്ചപ്പെടുത്തിയാണു ശ്രീശങ്കർ ലോകചാംപ്യൻഷിപ്പിനു യോഗ്യത നേടിയത്.
ഭുവനേശ്വരിൽ നടന്ന കോണ്ടിനന്റൽ ടൂർ അത്‌ലറ്റിക്സിൽ 8.13 മീറ്റർ ചാടിയതാണ് ശ്രീശങ്കറിന്റെ ഈ സീസണിലെ മികച്ച പ്രകടനം. ഇന്ന് 8.15 മീറ്റർ ചാടിയാലാണ് ഫൈനൽ യോഗ്യത ലഭിക്കുക. 2023ൽ 8.41 മീറ്റർ ചാടിയതാണ് കരിയറിലെ മികച്ച പ്രകടനം. 17നാണ് ഫൈനൽ നടക്കുക.
വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസ് ഹീറ്റ്സ് മത്സരത്തിൽ ഇന്ത്യയുടെ പാരുൾ ചൗധരിയും ഇന്നിറങ്ങും. ലോക 20–ാം റാങ്ക് താരമാണ് പാരുൾ. യോഗ്യതാ മാർക്ക് മറികടന്ന് ലോക ചാംപ്യൻഷിപ്പിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ച 5 ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് പാരുൾ. പുരുഷ പോൾവോൾട്ടിൽ സ്വന്തം ലോകറെക്കോർഡ് തിരുത്തുന്നതു പതിവാക്കിയ അർമാൻഡ് ഡ്യുപ്ലാന്റിസിന്റെ ഫൈനൽ മത്സരവും ഇന്നാണ്.