
ലിവർപൂൾ മുന്നേറ്റതാരം ഡാർവിൻ നൂനസ് സൗദി ക്ലബ്ബായ അൽ ഹിലാലിലേക്ക് ചേക്കേറുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നൂനസ് ലിവർപൂൾ വിട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഈ വാർത്ത ട്രാൻസ്ഫർ മാർക്കറ്റിൽ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ഫബ്രീസിയോയും സ്ഥിരീകരിച്ചിരിക്കുകയാണ്. ക്ലബ്ബുകൾ തമ്മിലുള്ള ചർച്ചകൾ പൂർത്തിയായെന്നും 53 മില്യൺ യൂറോക്ക് നൂനസ് സൗദിയിലെത്തിയേക്കുമെന്നുമാണ് ഫബ്രീസിയോ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ താരവുമായുള്ള പേഴ്സണൽ എഗ്രിമെന്‍റ് ഇതുവരെ പൂർത്തിയായിട്ടില്ല.
ലാറ്റിനമേരിക്കയിലെ ഉറുഗ്വായുടെ മുന്നേറ്റനിരയിലെ പകരം വെക്കാനില്ലാത്ത താരമാണ് 26 കാരനായ നൂനസ്. പെനറോളിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് നൂനസ് പ്രൊഫഷണൽ ഫുട്ബോളിലേക്കെത്തിയത്. 2017 ൽ ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2019 ആഗസ്റ്റിൽ, ക്ലബ് റെക്കോർഡ് തുകയ്ക്ക് അദ്ദേഹം സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബ് അൽമേരിയയിൽ ചേർന്നു. 2020 ൽ ബെൻഫിക്ക അദ്ദേഹത്തെ ടീമിലെത്തിച്ചു. തുടർന്ന് 2022 ൽ 75 മില്യൺ യൂറോ നൽകി ലിവർപൂൾ അദ്ദേഹത്തെ സ്വന്തമാക്കി.