ഐപിഎലിനായി ഇന്ത്യയിലേക്കു വരുന്ന കാര്യം കളിക്കാർ സ്വയം തീരുമാനിക്കട്ടെയെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. കളിക്കാരുടെ തീരുമാനം എന്തായാലും അതിൽ ഇടപെടില്ലെന്നും രാജ്യാന്തര മത്സരങ്ങൾ വരാനിരിക്കെ, ഐപിഎലിൽ പങ്കെടുക്കാൻ കളിക്കാർക്കു മേൽ സമ്മർദം ചെലുത്തില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വൃത്തങ്ങൾ വ്യക്തമാക്കി. 16 ഓസ്ട്രേലിയൻ താരങ്ങളാണ് ഇത്തവണ ഐപിഎലിനുള്ളത്.
പാറ്റ് കമിൻസ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹെയ്സൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ് തുടങ്ങിയവരെ ഉൾപ്പെടുത്തി ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള ഓസ്ട്രേലിയൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇവർ ഐപിഎലിനായി ഇന്ത്യയിലേക്കു മടങ്ങാനുള്ള സാധ്യതയില്ല.
എന്നാൽ, ടീം പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും ക്യാപ്റ്റൻ പാറ്റ് കമിൻസും ട്രാവിസ് ഹെഡും ബാക്കിയുള്ള ലീഗ് മത്സരങ്ങൾക്കായി തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നതായി സൺറൈസേഴ്സ് അധികൃതർ പറഞ്ഞു. എയ്ഡൻ മാർക്രം, മാർകോ യാൻസൻ, ലുൻഗി എൻഗിഡി, കഗീസോ റബാദ, റയാൻ റിക്കൽറ്റൻ, ട്രിസ്റ്റൻ സ്റ്റബ്സ്, കോർബിൻ ബോഷ് തുടങ്ങിയ ദക്ഷിണാഫ്രിക്കൻ താരങ്ങളും ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനായി തയ്യാറെടുക്കുന്നതിനാൽ നാട്ടില്‍ തന്നെ തുടരാനാണ് സാധ്യത.