മലപ്പുറം: കോട്ടപ്പടി മൈതാനത്തിൽ ഇന്നലെ ആസിഫ് സഹീറിന്റെ നേതൃത്വത്തിൽ ഇറങ്ങിയ മലപ്പുറം വെറ്ററൻസ് ടീമിനെതിരെയുള്ള കേരള പൊലീസ് ലെജൻഡ്സ് ടീമിന്റെ മത്സരം കാണാനെത്തിയത് വൻ ജനാവലി. അതിൽ ഭൂരിഭാഗം പേരും പൊലീസ് ടീമിന്റെ കരുത്തുറ്റ കളിക്കാരായിരുന്നവർ. തൊണ്ണൂറുകളിൽ ഇന്ത്യൻ ഫുട്ബോളിൽ തിളങ്ങിക്കളിച്ച അതേ പൊലീസ് ടീം ഒരിക്കൽ കൂടി കോട്ടപ്പടി സ്റ്റേഡിയത്തിലിറങ്ങിയപ്പോൾ ഗാലറിയിൽ ആവേശം വാനോളമുയർന്നു.
കേരള പൊലീസിൽ നിന്നു വിരമിക്കുന്ന ഐ.എം.വിജയൻ, റോയ് റോജസ്, സി.പി.അശോകൻ എന്നിവർക്കുള്ള ആദരസൂചകമായാണ് ‘വിജയോത്സവം’ എന്ന പേരിൽ പ്രദർശന മത്സരം സംഘടിപ്പിച്ചത്. 1988 ൽ കോട്ടപ്പടിയിൽ നടന്ന കൗമുദി ട്രോഫിയിലാണ് ഐ.എം.വിജയൻ കേരള പൊലീസ് ജഴ്സിയിൽ ആദ്യമായി ഒരു ടൂർണമെന്റ് വിജയിക്കുന്നത്. അതേവേദിയിൽ വച്ചു തന്നെ വിജയനെന്ന ഫുട്ബോൾ ഇതിഹാസം കേരള പൊലീസിനായി ഇന്നലെ അവസാന മത്സരവും പൂർത്തിയാക്കി. തൊണ്ണൂറുകളിൽ കേരള ഫുട്ബോളിന്റെ പൊലീസ് ടീമിലെ അംഗങ്ങളിൽ ഇനിയാരും സർവീസിൽ ശേഷിക്കുന്നില്ല. അവസാന കണ്ണിയായിരുന്നു ഐ.എം.വിജയൻ.
കളി ആവേശകരമായിരുന്നെങ്കിലും ഗോൾരഹിത സമനിലയായിരുന്നു മത്സരഫലം. വിജയന്റെ ഒരു ഗോളെങ്കിലും പ്രതീക്ഷിച്ചിരുന്നു കാണികൾ. പക്ഷേ അതുണ്ടായില്ല. എങ്കിലും വിജയൻറെ ചില ബാക്ക്ഹീൽ പാസുകൾ, ത്രൂബോളുകൾ, പോസ്റ്റിലേക്കുള്ള ലോങ് റേഞ്ചറുകൾ ഇവയൊക്കെ ആരാധകരുടെ മനം നിറച്ചു. ഫൈനൽ വിസിൽ മുഴങ്ങിയതോടെ തനിക്കേറ്റവും പ്രിയപ്പെട്ട പൊലീസ് ടീമിന്റെ ജേഴ്‌സി എന്നെന്നേക്കുമായി അഴിച്ചുവച്ചു താരം. നാളെയാണ് ഐ.എം.വിജയൻ കേരള പൊലീസിൽനിന്ന് ഔദ്യോഗികമായി വിരമിക്കുന്നത്.