
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ പാകിസ്താനെതിരെ അർധസെഞ്ചുറി നേടിയശേഷമുള്ള തൻ്റെ ആഘോഷത്തിൻ്റെ അർത്ഥം എന്താണെന്ന് വെളിപ്പെടുത്തി അഭിഷേക് ശർമ്മ. ഇന്ത്യ വിജയിച്ചതിന് ശേഷവും അഭിഷേക് ഈ ആഘോഷം നടത്തിയിരുന്നു. മത്സരത്തിന് ശേഷം ബിസിസിഐ ടിവിയ്ക്കായി സൂര്യകുമാർ യാദവിനോട് സംസാരിക്കവെയാണ് അഭിഷേക് തൻ്റെ ആഘോഷത്തിൻ്റെ അർഥം വെളിപ്പെടുത്തിയത്.
"ഗ്ലൗസ് അഴിച്ച്, സ്ലീവ് പൊക്കിവച്ച് കാണിക്കുന്ന ആംഗ്യമില്ലേ? എന്താണ് അതിൻ്റെ അർത്ഥം?"- എന്ന് സൂര്യകുമാർ ചോദിച്ചു. "അത് സ്നേഹമാണ് അർത്ഥമാക്കുന്നത്. ഗ്ലവ് ലവ് ആണ് അത്. നമ്മളെ പിന്തുണയ്ക്കാൻ വന്ന ആരാധകരോടും ടീം ഇന്ത്യയോടും ഐപിഎൽ ആരാധകരോടുമുള്ള സ്നേഹം. എന്നുവച്ചാൽ എല്ലാം ഇന്ത്യക്ക് വേണ്ടിയാണ്."- എന്നാണ് സൂര്യകുമാറിൻ്റെ ചോദ്യത്തിന് അഭിഷേക് നൽകിയ മറുപടി.
പാകിസ്താനെതിരെ അനായാസമായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 171 റൺസ് നേടി. ആദ്യ പത്ത് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 91 റൺസെന്ന നിലയിൽ നിന്ന് പാകിസ്താനെയാണ് ഇന്ത്യ തളച്ചത്.
മറുപടി ബാറ്റിംഗിൽ ഏഴ് പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനിർത്തി ഇന്ത്യ ലക്ഷ്യം നേടി. ഓപ്പണർ അഭിഷേക് ശർമ്മ 39 പന്തിൽ 74 റൺസ് നേടി ടോപ്പ് സ്കോററായി. അഭിഷേക് തന്നെയാണ് കളിയിലെ താരമായത്.