
മഡ്രിഡ്: ഇതിഹാസ താരങ്ങൾ കൈമാറിവന്ന സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മഡ്രിഡിന്റെ 10–ാം നമ്പർ ജഴ്സി ഇനി സൂപ്പർ താരം കിലിയൻ എംബപെയ്ക്കു സ്വന്തം. ദീർഘകാലം പത്താം നമ്പറിന്റെ അവകാശിയായിരുന്ന ക്രൊയേഷ്യൻ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച് ടീം വിട്ടതോടെയാണ് നിലവിൽ 9–ാം നമ്പർ ജഴ്സിക്കാരനായ എംബപെയ്ക്ക് പത്താം നമ്പർ ലഭിക്കുന്നത്.
പുതിയ സീസണിൽ പത്താം നമ്പറിലാകും താരം റയലിനായി കളത്തിലിറങ്ങുക. ഫ്രഞ്ച് ദേശീയ ടീമിൽ എംബപെയുടെ ജഴ്സി നമ്പർ പത്താണ്. കഴിഞ്ഞ സീസണിൽ റയലിലേക്കു വന്നപ്പോൾ, പത്താം നമ്പർ മോഡ്രിച്ചിന്റെ കയ്യിൽ ആയിരുന്നതിനാൽ എംബപെ 9–ാം നമ്പറിലേക്ക് മാറുകയായിരുന്നു.
ഫെറങ്ക് പുസ്കാസ്, ലൂയിസ് ഫിഗോ, റൊബീഞ്ഞോ, മെസൂട് ഓസിൽ തുടങ്ങിയവരാണ് മോഡ്രിച്ചിനു മുൻപ് റയലിൽ പത്താം നമ്പർ ജഴ്സിയിൽ തിളങ്ങിയത്.