കെ എസ് നവനീതിന് ഉജ്ജ്വല സെഞ്ച്വറി, കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് മികച്ച സ്കോർ

കെ എസ് നവനീതിന് ഉജ്ജ്വല സെഞ്ച്വറി, കെസിഎ ജൂനിയർ  ക്ലബ് ചാമ്പ്യൻഷിപ്പിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് മികച്ച സ്കോർ
Published on

കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ സസെക്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ മികച്ച സ്കോർ ഉയർത്തി ആത്രേയ ക്രിക്കറ്റ് ക്ലബ്ബ്. ആദ്യ ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 335 റൺസെന്ന നിലയിലാണ് ആത്രേയ ക്രിക്കറ്റ് ക്ലബ്ബ്. മറ്റൊരു മല്സരത്തിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ RSC SG ക്രിക്കറ്റ് സ്കൂൾ 214 റൺസിന് ഓൾ ഔട്ടായി. വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് ഒൻപത് വിക്കറ്റിന് 291 റൺസെടുത്തു.

തൊടുപുഴയിലെ കെസിഎ ഗ്രൌണ്ടിൽ നടക്കുന്ന മല്സരത്തിൽ, കെ എസ് നവനീത് ഏകദിന ശൈലിയിൽ നേടിയ സെഞ്ച്വറിയാണ് സസെക്സിനെതിരെ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനെ ശക്തമായ നിലയിലെത്തിച്ചത്. ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 46 റൺസെന്ന നിലയിലായിരുന്ന ടീമിനെ 74 റൺസ് നേടിയ ശ്രീഹരി പ്രസാദും 49 റൺസെടുത്ത എസ് എസ് ശ്രീഹരിയും ചേർന്നാണ് കരകയറ്റിയത്. തുടർന്നെത്തിയ നവനീതിൻ്റെ ഉജ്ജ്വല ഇന്നിങ്സ് അതിവേഗം റൺസുയർത്തി. കളി നിർത്തുമ്പോൾ നവനീത് 138 റൺസോടെയും നവീൻ പി പ്രതീഷ് 38 റൺസോടെയും ക്രീസിലുണ്ട്. 17 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു നവനീതിൻ്റെ ഇന്നിങ്സ്. സസെക്സിന് വേണ്ടി മുഹമ്മദ് റെഹാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

കെസിഎ മംഗലപുരം സ്റ്റേഡിയത്തിൽ നടക്കുന്ന മറ്റൊരു മല്സരത്തിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ RSC SG ക്രിക്കറ്റ് സ്കൂൾ 214 റൺസിന് ഓൾ ഔട്ടായി. 109 റൺസ് നേടിയ അദ്വൈത് വി നായരുടെ ഇന്നിങ്സാണ് RSC SG ക്രിക്കറ്റ് സ്കൂളിനെ വലിയൊരു തകർച്ചയിൽ നിന്ന് കരകയറ്റിയത്. എസ് ദേവതീർത്ഥ് 52 റൺസും നേടി.അഞ്ച് വിക്കറ്റ് വീഴ്ത്തിയ എസ് വി ആദിത്യനാണ് ലിറ്റിൽ മാസ്റ്റേഴ്സ് ബൌളിങ് നിരയിൽ തിളങ്ങിയത്. അഭിനവ് ചന്ദ്രൻ, അക്ഷയ് പ്രശാന്ത് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 19 റൺസെന്ന നിലയിലാണ്.

തൊടുപുഴ കെസിഎ ഗ്രൌണ്ട് രണ്ടിൽ നടക്കുന്ന മല്സരത്തിൽ വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് നേടി. 48 റൺസെടുത്ത ഡാരിൻ എബ്രഹാമാണ് തൃപ്പൂണിത്തുറയുടെ ടോപ് സ്കോറർ. മാധവ് വിനോദ് 47ഉം അഭിനവ് മധു 38ഉം എം സി ആദിനാഥ് 36ഉം റൺസെടുത്തു.വിൻ്റേജിന് വേണ്ടി അർമാൻ നിജി, അൽ അമീൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related Stories

No stories found.
Times Kerala
timeskerala.com