
ഇന്ത്യൻ ക്രിക്കറ്റിൽ ശാരീരിക ക്ഷമത തെളിയിക്കുന്നതിനുള്ള യോ–യോ ടെസ്റ്റെടുക്കാന്‍ വിരാട് കോലി എത്താത്തതിൽ ആശങ്കയുമായി ആരാധകര്‍. ശുഭ്മന്‍ ഗില്‍, ജസ്പ്രീത് ബുംറ, യശസ്വി ജയ്സ്വാള്‍, സിറാജ്, ഷാര്‍ദുല്‍ എന്നിവര്‍ക്ക് പുറമെ രോഹിത് ശര്‍മയും ബെംഗളൂരുവിലെ സെന്‍റര്‍ ഓഫ് എക്സ്ലന്സില് എത്തും. അസ്ഥിയുടെ സാന്ദ്രത പരിശോധിക്കാനുള്ള ഡെക്സ കാന്‍ ടെസ്റ്റിനും ഇവര്‍ വിധേയരാകും. എന്നാൽ, വിരാട് കോലി ഫിറ്റ്നസ് ടെസ്റ്റിനെത്തുന്ന കാര്യത്തിൽ ഇതുവരെ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല.
കരാറുള്ള എല്ലാ താരങ്ങളും നിര്‍ബന്ധമായും പ്രീ–സീസണില്‍ ഫിറ്റ്നസ് ടെസ്റ്റെടുത്തിരിക്കണമെന്നും ഇത് നിര്‍ബന്ധമാണെന്നും ബിസിസിഐ വക്താവ് വ്യക്തമാക്കി. ടെസ്റ്റെടുത്താല്‍ മാത്രമേ കളിക്കാരുടെ ക്ഷമത എന്താണെന്ന് തിരിച്ചറിയാനും ഏതൊക്കെ മേഖലകളിലാണ് മെച്ചപ്പെടാനുള്ളതെന്ന് വിലയിരുത്താനും അതിനായി പരിശീലനം നൽകാനും കഴിയുകയുള്ളൂവെന്നും ബിസിസിഐ വക്താവ് കൂടിച്ചേര്‍ത്തു. ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ വലിയ ഇടവേള ഉണ്ടായതിനാല്‍ തന്നെ വീട്ടിലിരുന്ന് തന്നെ വ്യായാമങ്ങള്‍ ചെയ്യാന്‍ താരങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി രോഹിതും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. 2024ലെ ലോകകപ്പ് ജയത്തിന് പിന്നാലെ ഇരുവരും ട്വന്‍റി 20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിരുന്നു.
ഫിറ്റ്നസ് ടെസ്റ്റിനൊപ്പം ബ്രോങ്കോ ടെസ്റ്റ് കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം ഇന്ത്യന്‍ ടീമിന്‍റെ സ്ട്രെങ്ത് ആന്‍റ് കണ്ടീഷനിങ് കോച്ചായ അഡ്രിയന്‍ മുന്നോട്ടുവച്ചിരുന്നു. ഈ സീസണൊടുവിലാകും ബ്രോങ്കോ ടെസ്റ്റ് ബിസിസിഐ കൊണ്ടുവരിക. സെപ്റ്റംബര്‍ ഒന്‍പതിനാണ് ഏഷ്യാകപ്പ് ട്വന്‍റി 20 ആരംഭിക്കുന്നത്.