
വിമ്പിൾഡൻ ടെന്നിസ് കളി കാണാൻ പോയ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കെതിരെ വിമർശനം. പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ സെർബിയന്‍ താരം നൊവാക് ജോക്കോവിച്ചും ഓസ്ട്രേലിയൻ താരം അലക്സ് ഡിമിനോറും തമ്മിലുള്ള മത്സരം കാണാനാണ് വിരാട് കോലിയും ഭാര്യ അനുഷ്ക ശർമയും പോയത്. മത്സരം കാണുന്ന വിരാട് കോലിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സെർബിയൻ താരം ജോക്കോവിച്ചിന്റെ ആരാധകനാണ് കോലി.
ടെസ്റ്റ്, ട്വന്റി-20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച കോലി കുടുംബത്തോടൊപ്പം യുകെയിലാണു താമസിക്കുന്നത്. അപ്രതീക്ഷിതമായ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനത്തിൽ കടുത്ത അമർഷത്തിലാണ് ആരാധകർ. '38 കാരനായ ജോക്കോവിച്ചിന്റെ മത്സരത്തിനായി 36–ാം വയസ്സിൽ വിരമിച്ച കോലി പോയതാണ്' ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. വിരാട് കോലി വിരമിക്കൽ തീരുമാനം പിൻവലിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്കു മടങ്ങിയെത്തണമെന്നും ആരാധകർ എക്സ് പ്ലാറ്റ്ഫോമിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, ജോക്കോവിച്ചിന് പിന്തുണയറിയിച്ചുകൊണ്ട് കോലി സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചിട്ടുണ്ട്. വിമ്പിൾഡൻ ഫൈനലിൽ ജോക്കോവിച്ച്– കാർലോസ് അൽകാരസ് പോരാട്ടം വേണമെന്നും, സെർബിയൻ താരം കിരീടം നേടണമെന്നും കോലി മാധ്യമങ്ങളോടു പ്രതികരിച്ചു. കോലിയുടെ പിന്തുണയ്ക്കു നന്ദിയുണ്ടെന്ന് ജോക്കോവിച്ച് പിന്നീട് വ്യക്തമാക്കി.