ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ തലമുറ കൈമാറ്റമാണ് നടക്കുന്നത്. താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതോടെ നേതൃത്വത്തിലടക്കം മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ബിസിസിഐ. എന്നാൽ ഇരു താരങ്ങളും ഏകദിനത്തിൽ മാത്രം തുടരുന്നത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് പൂർണമായ ഒരു മാറ്റം ഉണ്ടാക്കാനും സാധിക്കുന്നില്ല. അതേസമയം, രണ്ട് സൂപ്പർ താരങ്ങൾ ഏകദിനത്തിൽ തുടരുന്നത് ഐസിസിയുടെ 2027 ലോകകപ്പിനെ ലക്ഷ്യംവെച്ചാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം രോഹിത് ശർമയും വിരാട് കോലിയും ഏകദിനത്തിൽ നിന്നും വിരമിക്കുമെന്നായിരുന്നു ബിസിസിഐ കരുതിയത്. എന്നാൽ അതുണ്ടായില്ല. ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ച ഇരുതാരങ്ങൾ ഏകദിനത്തിലെ തങ്ങളുടെ ഭാവിയെ കുറിച്ച് എവിടെയും മിണ്ടുന്നില്ല. അതിന് കാരണം ഇരുവരും ലക്ഷ്യംവെക്കുന്നത് 2027 ലോകകപ്പാണെന്നാണ് വിലയിരുത്തലുകൾ. ലോകകപ്പിന് ഇരുതാരങ്ങൾക്ക് മുന്നിൽ രണ്ട് വർഷമുണ്ട്. കോലിയുടെ കാര്യത്തിൽ ഫിറ്റ്നെസ് നിലനിർത്താൻ സാധിക്കുമെങ്കിലും 2027 ആകുമ്പോൾ 40 തികയുന്ന രോഹിത്തിൻ്റെ കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്.
2027 ലോകകപ്പ് ആകുമ്പോഴേക്കും രോഹിത്തിന് പ്രായം 40 ആകും. താരം അന്ന് വരെ ഫിറ്റ്നെസ് എങ്ങനെ കാത്ത് സൂക്ഷിക്കുമെന്നാണ് ആശങ്ക. എന്നാൽ താരത്തിൻ്റെ ബാറ്റിങ് ശൈലിയാകും ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടാൻ സാധ്യതയുള്ളത്. 2023 ലോകകപ്പ് മുതൽ രോഹിത് പിന്തുടരുന്നത് കെയർഫ്രീ ബാറ്റിങ് ശൈലിയാണ്. അത് എത്രത്തോളം ടീമിന് ഗുണം അല്ലെങ്കിൽ ദോഷമായി പ്രതിഫലിക്കുമെന്ന് അറിയേണ്ടിരിക്കുന്നു. 2027 ലോകകപ്പ് വരെ രോഹിത്തിന് മുന്നിലുള്ളത് 27 ഏകദിന മത്സരങ്ങളാണ്. ഓഗസ്റ്റിൽ ബംഗ്ലദേശിനെതിരെയുള്ള പരമ്പരയോടെ രോഹിത് എത്രനാൾ ഇന്ത്യൻ ടീമിൽ തുടരുമെന്ന കാര്യത്തിൽ തീരുമാനമാകും.