

പുതിയ വാർഷിക കരാറിൽ വിരാട് കോലിയെയും രോഹിത് ശർമയെയും കാറ്റഗറിയിൽ താഴേക്ക് ഇറക്കാനൊരുങ്ങി ബിസിസിഐ. രോഹിതും കോലിയും ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽ സജീവമല്ലാതെ വന്നതോടെയാണ് പുതിയ കരാർ മാറ്റത്തിനായി ബിസിസിഐ ഒരുങ്ങുന്നത്. അങ്ങനെ സംഭവിച്ചാൽ ഇരുവരെയും പ്രതിഫലത്തിൽ വർഷം രണ്ടു കോടി രൂപയുടെ കുറവ് ഉണ്ടായേക്കും.
എല്ലാ വർഷവും കളിക്കാരെ നാലു കാറ്റഗറികളിലായി തിരിച്ചാണ് ബിസിസിഐ കരാർ നൽകാറുള്ളത്. എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണ് കാറ്റഗറി തിരിച്ചിരിക്കുന്നത്. ഓരോ കാറ്റഗറിയിൽ ഉള്ളവർക്കും നിശ്ചിത തുക പ്രതിഫലമായും നിശ്ചയിച്ചിട്ടുണ്ട്. താരങ്ങൾ എത്ര മാച്ചുകൾ കളിച്ചിട്ടുണ്ടെന്ന് നോക്കാതെയാണ് ഈ തുക നൽകാറുള്ളത്. മാച്ച് ഫീ വരുമാനനം കൂടാതെയാണ് ഈ തുകയും നൽകുന്നത്. പരിശീലകനും ടീം ക്യാപ്റ്റനും സെലക്ഷൻ കമ്മിറ്റിയും ചേർന്നാണ് കാറ്റഗറി തിരിക്കാറുള്ളത്.
സാധാരണയായി ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരാണ് ഉയർന്ന കാറ്റഗറിയിൽ ഉൾപ്പെടാറുള്ളത്. ഓൾ ഫോർമാറ്റ് പ്ലേയേഴ്സിനുള്ളതാണ് എപ്ലസ് കാറ്റഗറി. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഈ കാറ്റഗറിയിലേക്ക് ഉയർത്തപ്പെടാനും സാധ്യതയുണ്ട്.
മറ്റൊന്ന് സ്ഥിരതയാർന്ന പ്രകടനമാണ്. ഫിറ്റ് അല്ലാത്ത താരങ്ങളെ താഴ്ന്ന കാറ്റഗറിയിലേക്ക് മാറ്റാറുണ്ട്. ഏറ്റവും താഴെയുള്ള സി കാറ്റഗറിയിൽ ഉൾപ്പെടുന്നതിനായി ഒരു താരം നിശ്ചിത എണ്ണം കളികളിൽ പങ്കെടുത്തിരിക്കണം. രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ഡൊമസ്റ്റിക് ക്രിക്കറ്റിലും പങ്കാളിത്തം ഉറപ്പാക്കുന്നതാണ് കരാർ. ഈ നിയമവുമായി ഒത്തു പോകാത്തതിനാലാണ് ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരെ കരാറിൽ നിന്ന് ഒഴിവാക്കിയത്.
നിലവിൽ എപ്ലസ് കാറ്റഗറിയിലാണ് വിരാട് കോലിയും രോഹിത് ശർമയും. എന്നാലിപ്പോൾ, അവർ ടി20 ടെസ്റ്റ് ഫോർമാറ്റുകളിൽ സജീവമല്ലാത്തതിനാൽ ഇരുവരെയും എ കാറ്റഗറിയിലേക്ക് താഴ്ത്തുമെന്നാണ് അറിയാൻ കഴിയുന്നത്. എപ്ലസ് കാറ്റഗറി കരാറിന് 7 കോടി രൂപയാണ് നൽകുന്നതെങ്കിൽ എ കാറ്റഗറിയിൽ പെടുന്നവർക്ക് 5 കോടി രൂപയാണ് പ്രതിഫലമായി നൽകുന്നത്. ഇരുവർക്കും പ്രതിവർഷം രണ്ട് കോടി രൂപ കുറയും. ടി20 യിൽ നിന്ന് വിരമിച്ച രവീന്ദ്ര ജഡേജയും എ പ്ലസ് കാറ്റഗറിയിലുണ്ട്.