
ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി ഇപ്പോൾ ലണ്ടനിലാണ് കുടുംബവുമൊന്നിച്ചു താമസിക്കുന്നത്. ഇന്ത്യയിൽനിന്നു മടങ്ങിയ താരം യുകെയിൽ ആരാധകരിൽനിന്നും പാപ്പരാസികളിൽനിന്നും അകന്നു കഴിയുകയാണ്. താരത്തിന്റെ യുകെയിലെ വിലാസം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കുഞ്ഞുങ്ങളെ സാധാരണ രീതിയിൽ വളർത്തുന്നതിനാണ് കോലി കുടുംബത്തോടൊപ്പം ഇന്ത്യ വിട്ടതെന്ന് താരത്തിന്റെ സുഹൃത്തുക്കൾ മുൻപു വെളിപ്പെടുത്തിയിട്ടുണ്ട്.
ലണ്ടൻ നഗരത്തിൽ സാധാരണക്കാരെ പോലെ നടക്കുന്ന വിരാട് കോലിയുടെയും ഭാര്യ അനുഷ്ക ശർമയുടേയും ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിഡിയോയിൽ ആളുകളുമായി റോഡരികിൽനിന്നു വിരാട് കോലി സംസാരിക്കുന്നുണ്ട്. ഇന്ത്യയിൽ കോടിക്കണക്കിന് ആരാധകരുള്ള സൂപ്പർ താരമാണ് ഇംഗ്ലണ്ടിൽ സാധാരണക്കാരനെപ്പോലെ നടന്നുപോകുന്നത്. ഇന്ത്യയില്‍ വിരാട് കോലി പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ആയിരക്കണക്കിന് ആരാധകരാണ് ഒഴുകിയെത്തുന്നത്. സൂപ്പർ താരം വിമാനത്താവളത്തിൽ എത്തുമ്പോൾ പോലും ആരാധകർ പിന്നാലെ കൂടാറുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ആരാധകരുടെ തിരക്കിൽനിന്നു മാറി ജീവിക്കാനാണ് കോലിയും അനുഷ്കയും മക്കളോടൊപ്പം വിദേശത്തേക്കു പോയത്.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് കോലി ഇനി ഇന്ത്യക്കായി കളിക്കാനിറങ്ങുക. ഈ പരമ്പരയ്ക്കു ശേഷം കോലിയും രോഹിത് ശർമയും ഏകദിന ഫോർമാറ്റിൽനിന്നും വിരമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച ശേഷം യുകെയിൽ തന്നെ സ്ഥിരതാമസമാക്കാൻ കോലി ആലോചിക്കുന്നതായി നേരത്തേ വാർത്തയുണ്ടായിരുന്നു.