
കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വമ്പൻ ജയം. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ട്രിവാൻഡ്രം റോയസിനെ എട്ടു വിക്കറ്റിന് തകർത്തു. ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ട്രിവാൻഡ്രം റോയൽസ് 98 റൺസിന് തകർന്നടിഞ്ഞു. കൊച്ചി ടീം 12 ഓവറിൽ ലക്ഷ്യം കണ്ടു. നാലാമതിറങ്ങി അർദ്ധ സെഞ്ച്വറി നേടിയ ടീം ക്യാപ്റ്റൻ സാലി സാംസണാണ് താരം.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ട്രിവാൻഡ്രം റോയൽസ് തുടക്കം മുതൽ തകർച്ച നേരിട്ടൂ. 20 ഓവറിൽ 98 റൺസ് എന്ന സ്‌കോറിൽ റോയൽസ് ഓൾഔട്ടായി. 28 റൺസ് നേടിയ അഭിജിത് പ്രവീൺ ആണ് റോയൽസ് ടീമിലെ ടോപ് സ്‌കോറർ. ബേസിൽ തമ്പി 20 റൺസും അബ്ദുൽ ബാസിത്ത് 17 റൺസുമെടുത്തു. മൂന്നു വിക്കറ്റ് വീതം നേടി അഖിൻ സത്താറും മുഹമ്മദ് ആഷികും ബ്ലൂ ടൈഗേഴ്‌സിനായി തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ടീമിന് ഓപണർ ജോബിൻ ജോഷിയേയും (8) വിനൂപ് മോഹനേയും (14) തുടക്കത്തിൽ നഷ്ടമായി. പിന്നാലെയെത്തിയ മുഹമ്മദ് ഷാനുവും ക്യാപ്റ്റൻ സാലി സാംസണും ചേർന്ന് ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 12ാം ഓവറിൽ സാലി സാംസൺ ഒരു ബൗണ്ടറിയിലൂടെ തന്റെ അർദ്ധ സെഞ്ച്വറിയും ടീമിന്റെ വിജയവും കുറിച്ചു. ടീമിലുണ്ടായിരുന്നെങ്കിലും സഞ്ജു സാംസൺ ബാറ്റിങിനിറങ്ങിയില്ല.