ഐപിഎലിൽ കൊൽക്കത്തയ്ക്കെതിരെ 111 റൺസിന്‍റെ വമ്പൻ വിജയത്തോടെ സൺറൈസേഴ്സ് മിന്നിയപ്പോൾ ചരിത്രത്തിൽ ഒരുപിടി റെക്കോർഡുകളും എഴുതിച്ചേർക്കപ്പെട്ടു. 37 പന്തിൽ സെഞ്ച്വറി നേടിയ ഹെൻറിച്ച് ക്ലാസന്‍റെ മികച്ച ഇന്നിംഗ്സാണ് ഹൈദരാബാദിന്‍റെ വൻ ജയത്തിന് കാരണം. ഐപിഎൽ ചരിത്രത്തിൽ ഒരു കളിക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്ട്രൈക്കിങ് റേറ്റോടെയുള്ള സെഞ്ച്വറിയും ചരിത്രത്തിൽ ഒരു വിദേശ കളിക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന സ്ട്രൈക്കിങ് റേറ്റോടെയുള്ള സെഞ്ച്വറിയുമാണ് ക്ലാസൻ നേടിയത്. 263.23 ആയിരുന്നു ക്ലാസന്‍റെ സ്ട്രൈക്കിങ് റേറ്റ്. 2010 സീസണിൽ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുമ്പോൾ യൂസഫ് പത്താൻ ആണ് ഏറ്റവും ഉയർന്ന സ്ട്രൈക്കിങ് റേറ്റോടെ സെഞ്ച്വറി നേടിയത്. 270.27 ആയിരുന്നു പത്താന്‍റെ സ്ട്രൈക്കിങ് റേറ്റ്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറിയാണ് ക്ലാസൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയത്. ഇക്കാര്യത്തിൽ യൂസഫ് പത്താനൊപ്പമെത്തി. 37 പന്തിൽ നിന്നാണ് ക്ലാസൻ സെഞ്ച്വറി നേടിയത്. സൺറൈസേഴ്‌സ് താരത്തേക്കാൾ വേഗത്തിൽ സെഞ്ച്വറി നേടിയത് ക്രിസ് ഗെയ്‌ലും (30 പന്ത്) വൈഭവ് സൂര്യവംശിയും മാത്രമാണ്.
ഐപിഎൽ ചരിത്രത്തിൽ ഒരു ദക്ഷിണാഫ്രിക്കൻ കളിക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും ക്ലാസന്റെ പേരിലാണ്. 12 വർഷം മുമ്പ് നേടിയ മില്ലറുടെ (38 പന്ത്) റെക്കോർഡാണ് ക്ലാസൻ തകർത്തത്. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ ആർസിബിക്കെതിരെ ട്രാവിസ് ഹെഡിന്റെ (39 പന്ത്) സെഞ്ച്വറി റെക്കോർഡ് തകർത്ത ക്ലാസൻ സൺറൈസേഴ്സിനായി വേഗതയേറിയ സെഞ്ച്വറി നേട്ടവും കൈവരിച്ചു. മൂന്ന് തവണ ചാമ്പ്യന്മാരായ കൊൽക്കത്തയ്ക്കെതിരെ 40 പന്തിൽ താഴെ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായി ക്ലാസൻ മാറി.