ഇന്ത്യൻ ഫുട്ബാൾ ടീമിൻറെ പുതിയ പരിശീലകനായി ഖാലിദ് ജമീൽ | Indian football team

13 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യക്കാരൻ ദേശീയ ടീം പരിശീലകനായി എത്തുന്നത്
Jameel
Published on

ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനായി മുൻ ഇന്ത്യൻ താരം ഖാലിദ് ജമീലിനെ നിയമിച്ചു. വെള്ളിയാഴ്ച ചേർന്ന അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മലയാളി ഫുട്ബോൾ ഇതിഹാസം ഐ.എം വിജയന്റെ നേതൃത്വത്തിലുള്ള ടെക്നികൽ കമ്മിറ്റി നിർദേശിച്ച മൂന്ന് പേരുകളിൽ നിന്നാണ് ഐ.എസ്.എൽ ക്ലബ് ജംഷെഡ്പൂർ എഫ്സി കോച്ച് കൂടിയായ ഖാലിദ് ജമീലിനെ കോച്ചായി തെരഞ്ഞെടുത്തത്.

13 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യക്കാരൻ ദേശീയ ടീം പരിശീലകനാവുന്നത്. 2011-12 ൽ സാവിയോ മെദിരയായിരുന്നു അവസാനമായി കോച്ചായ ഇന്ത്യക്കാരൻ. സ്ഥാനമൊഴിഞ്ഞ മനോലോ മാർക്വസിന്റെ പകരക്കാരനായാണ് ഖാലിദ് ജമീൽ കോച്ചായി എത്തുന്നത്.

കുവൈത്തിൽ ജനിച്ചു വളർന്ന് ഇന്ത്യൻ കുപ്പായത്തിൽ മധ്യനിരയിൽ മികച്ച പ്രകടനം നടത്തിയ ശേഷം പരിശീലക കുപ്പായത്തിലെത്തിയ ഖാലിദ് ജമീൽ ഐ ലീഗിൽ കിരീട വിജയവും ഐ.എസ്.എല്ലിലെ മികച്ച റെക്കോഡുകളുമായാണ് ദേശീയ ടീമിന്റെ പരിശീലകനായി എത്തുന്നത്.

ഇന്ത്യൻ ഫുട്ബാളിന്റെ സാഹചര്യം നന്നായി അറിയുന്ന താരമെന്നതാണ് ഖാലിദിന് ദേശീയ ടീം പരിശീലനാകാൻ മുൻഗണന നൽകുന്നത്. രണ്ടു തവണ എ.ഐ.എഫ്.എഫിന്റെ മികച്ച കോച്ചിനുള്ള പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.

പഞ്ചാബി കുടുംബാംഗമായി കുവൈത്തിൽ ജനിച്ചു വളർന്ന് അവിടെ നടന്ന അണ്ടർ 14 ക്യാമ്പിൽ ഫ്രഞ്ച് ഫുട്ബാൾ ഇതിഹാം മിഷേൽ പ്ലാറ്റീനിയുമായി നടന്ന കൂടികാഴ്ച സജീവ ഫുട്ബാളിൽ കരിയർ കെട്ടിപ്പടുക്കാനും പ്രചോദനമായി.

Related Stories

No stories found.
Times Kerala
timeskerala.com